പിവിസി പൈപ്പുകൾ കൊണ്ട് കട്ടില്‍ നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂർ എരമം പേരൂലിലെ രമേശൻ. ലോക്ഡൗൺ കാലം എങ്ങനെ ക്രിയാത്മകമാക്കാം എന്ന ചിന്തയാണ് കട്ടിൽ നിർമാണത്തിൽ എത്തിയത്.
കൃഷി വകുപ്പില്‍ ജീവനക്കാരനാണ് രമേശൻ. ലോക്ഡൗണ്‍ ആയതോടെ, ജോലിയും കര്‍ഷകര്‍ക്കുള്ള പഠന ക്ലാസ്സുകളുമെല്ലാം വീട്ടിലിരുന്നാണ്. അതിന്റെ ഇടവേളയിലാണ് പിവിസി പൈപ്പുകൊണ്ട് കട്ടില്‍ നിര്‍മിച്ചാലോ എന്ന ആലോചനയുണ്ടായത്. വീടുപണിക്കു ശേഷം ബാക്കിവന്ന കുറെയധികം പിവിസി പൈപ്പുകളുണ്ടായിരുന്നു. കേവലം മൂന്നു മണിക്കൂര്‍ കൊണ്ടാണ് ബലമുള്ള കട്ടില്‍ തയ്യാറാക്കിയത്. ഭാരം കുറവായതിനാല്‍ കുട്ടികള്‍ക്ക് വരെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയിടാന്‍ സാധിക്കും. വീടുകള്‍ മാറുന്നവര്‍ക്കും, വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും, ലേബര്‍ ക്യാംപുകളിലും എല്ലാം ഉപയോഗിക്കാന്‍ എളുപ്പമായിരിക്കുമിത്. പൈപ്പ് കട്ടിലിന് രണ്ടായിരം രൂപയോളം മാത്രമേ ചിലവ് വരൂ. കൃഷി വകുപ്പിന്റെ നിരവധി പുരസ്‌കാരങ്ങളും രമേശന്‍ കരസ്ഥമാക്കിയിട്ടുണ്ട്.