സിറോ മലബാർ സഭയുടെ അമരത്ത് ദശാബ്ദ നിറവിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ പിൻഗാമിയായി 2011 മെയ് 29നായിരുന്നു സ്ഥാനാരോഹണം . വത്തിക്കാൻ പ്രതിനിധി അടക്കമുള്ളവർ സഭാധ്യക്ഷന്‍ ആശംസകൾ നേർന്നു.
കടന്നുവന്ന വഴിത്താരയിലെ കല്ലും മുള്ളും താണ്ടി തോമാശ്ലീഹായുടെ വിശ്വാസ പരമ്പരയെ മുന്നിൽ നിന്നു നയിച്ച പത്തു വർഷം. സൗമ്യവും വിശ്വാസതീക്ഷ്ണവുമായി പൊതുസമൂഹത്തിലും സുപരിചിത മുഖം. തക്കല രൂപതാ മെത്രാനിൽനിന്ന് സഭാധ്യക്ഷനായി സ്ഥാനാരോഹണം . സിറോ മലബാർ സഭയുടെ വലിയ ഇടയന്റെ കസേരയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരു ദശാബ്ദം പൂർത്തിയാക്കുമ്പോഴും ആഘോഷങ്ങളില്ലാതെ ലളിതം ശാന്തം.
കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച മെത്രാൻ സിനഡാണ് മാർ ജോർജ് ആലഞ്ചേരിയെ സീറോമലബാർസഭയുടെ തലവനും പിതാവുമായി 2011 മെയ് 14 ന് തിരഞ്ഞെടുത്തത്. 2011 മെയ് 29-ന് എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമങ്ങൾക്കിടയിൽ മാർ ജോർജ് ആലഞ്ചേരി സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു. ഷംഷാബാദ്, ഹോസൂർ രൂപതകൾ സ്ഥാപിച്ച് ഭാരതത്തിലുടനീളം അജപാലന അനുമതി നേടാനും, രാജ്യത്തിന് പുറത്തും രൂപതകൾ സ്ഥാപിക്കാനും ഈ പത്തു വർഷത്തിനിടെ സഭയ്ക്കു കഴിഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദവും കേസുകളുമാണ് വ്യക്തിയെന്നനിലയിലും സഭാധ്യക്ഷനെന്ന നിലയിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈ കാലയളവിൽ നേരിട്ട വലിയ പ്രതിസന്ധി.