keralacongktm-06

കേരള കോൺഗ്രസ് എമ്മിനെ കേഡർ പാർട്ടിയാക്കി മാറ്റുമെന്ന് ചെയർമാൻ ജോസ് കെ മാണി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സമാനമായി ലെവി ഉൾപ്പെടെ ഏർപ്പെടുത്താനാണ് ആലോചന. അടിത്തറ വിപുലമാക്കി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് പുത്തൻ പരിഷ്ക്കരങ്ങൾ. 

 

മുന്നണി മാറ്റത്തിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ  തിളക്കമാർന്ന ജയം കേരള കോൺഗ്രസ് എമ്മിനെയും കരുത്തരാക്കി. പാലായിൽ ചെയർമാൻ ജോസ് കെ മാണിക്ക് തിരിച്ചടി നേരിട്ടെങ്കിലും സർക്കാരിലെ പ്രാതിനിധ്യം പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.  ഇത് മുന്നിൽ കണ്ടാണ് പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നത്. ഇടതുപാർട്ടികളുടെ മാതൃക പിന്തുടർന്ന് കേരള കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യം. പാർട്ടിയിൽ അംഗത്വം നൽകുന്നത് മുതൽ മാറ്റങ്ങൾ വരും. സാധാരണ അംഗത്വം സജീവ അംഗത്വം എന്നിങ്ങനെ വേർതിരിക്കും. ലെവി ഏർപ്പെടുത്താൻ പാർലമെൻ്ററി പാർട്ടി അംഗീകാരം നൽകി. 

 

സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൽ നിർദേശങ്ങൾ ചർച്ച ചെയ്താകും അന്തിമ തീരുമാനം. കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനും പരിഷ്ക്കാരങ്ങൾ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. മധ്യകേരളത്തിന് അപ്പുറം  പാർട്ടിയെ വളർത്തുകയെന്ന ലക്ഷ്യവും നേതൃത്വത്തിനുണ്ട്.