എറണാകുളം അങ്കമാലി അതിരൂപതയിലെ യുവപുരോഹിതന് ഫാദര്‍ ചെറിയാന് നേരേവീട്ടില്‍ അന്തരിച്ചു. കൊച്ചി മരട് സെന്റ് ജാനാ പള്ളി വികാരിയും സീറോ മലബാര്‍സഭാ മുഖപത്രം സത്യദീപത്തിന്റെ മുന്‍ ചീഫ് എഡിറ്ററുമായിരുന്നു. കഴിഞ്ഞ 13നുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നു.
തികഞ്ഞ ബോധ്യവും, ഉറച്ച വീക്ഷണവുമായി ശാന്തനായി കടന്നുപോയ ധിഷ്ണാശാലിയായ വൈദികൻ. കലാകാരൻ കൂടിയായിരുന്ന ഫാദര്‍ ചെറിയാനെ അടുത്തറിഞ്ഞവര്‍ ഇങ്ങനെ പറയും. ഏഴുവര്‍ഷം മുന്‍പ് കൊച്ചി പെരിമാനൂര്‍ പള്ളി വികാരിയായിരിക്കെയാണ് നിര്‍ധനയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് വൃക്ക ദാനംചെയ്തത്. അതും സഭാധികാരികളോട് അനുമതി തേടിയതല്ലാതെ അധികമാരെയും അറിയിക്കാതെ. പിന്നീട് തുടര്‍ചികില്‍സക്കും തന്നാല്‍ കഴിയുന്ന സഹായം ചെയ്തുപോന്നു അടുപ്പക്കാര്‍ ചെറിയാച്ചന് എന്നു വിളിക്കുന്ന ഫാദര്‍ നേരേവീട്ടില്‍. ജാതിമത വ്യാത്യാസമില്ലാതെ ഒട്ടേറെപ്പേര്‍ക്ക് അത്താണിയായിരുന്ന അദ്ദേഹം നാല്പത്തി ഒന്‍പതാം വയസിലാണ് വിട പറയുന്നത്.
നാലുവര്‍ഷം എറണാകുളം - അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപത്തിന്റ ചീഫ് എഡിറ്ററായിരുന്ന ശേഷമാണ് മരട് സെന്റ് ജാന്നാ പള്ളി വികാരിയായി എത്തിയത്. ഇക്കഴിഞ്ഞ 13ന് മരട് ജംഗ്ഷന് സമീപത്ത് നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് വീണ് പരുക്കേറ്റ ശേഷം ആരാലും തിരിച്ചറിയപ്പെടാതെ ആശൂപത്രിയിലായി. പിറ്റേന്ന് രാവിലെ ഓണ്‍ലൈന്‍ കുര്‍ബാനയര്‍പ്പണത്തിന് അച്ചനെ കാണാതെ വന്നതോടെ അന്വേഷിച്ചാണ് കണ്ടെത്തിയത്. ഇടപ്പള്ളി തോപ്പില്‍ നേരേവീട്ടില്‍ കുടുംബാംഗമാണ്. 1971ല്‍ ജനനം, 1997 ജനുവരി ഒന്നിന് ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.