Ministers_HD-Thumb-Roshy-Augustine

മന്ത്രിയായി റോഷി അഗസ്റ്റിൻ ചുമതലയേറ്റതോടെ ഇടുക്കിയുടെ പ്രതീക്ഷകളും മലയോളമാണ്. മന്ത്രിമാരായിരുന്ന പി.ജെ.ജോസഫും, എം.എം. മണിയും തുടക്കമിട്ട വികസന പ്രവർത്തനങ്ങളുടെ ബാറ്റൺ റോഷി അഗസ്റ്റിനു കൈമാറുമ്പോൾ ജില്ലയുടെ മുഖം മാറുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. കുടിവെള്ള പ്രശ്നമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജലവിഭവ മന്ത്രിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് യുഡിഎഫിന്റെയും ആവശ്യം. 

ജില്ലയിലെ കർഷകരെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തുന്ന ഭൂപതിവ് ചട്ട ഭേതഗതിയായിരുന്നു തിരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളുടെയും പ്രധാന വിഷയം. 1964ലെ ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയില്‍ വീടൊഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം സര്‍ക്കാര്‍ നീക്കണമെന്നാണ് മലയോര ജനതയുടെ അവശ്യം. പത്തു വർഷം മുൻപ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇടുക്കി മെഡിക്കൽ കോളജ് ഇന്നും പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടുകയാണ്. കട്ടപന താലൂക്ക് ആശുപത്രിയും വികസന മുരടിച്ചയുടെ ഉദാഹരണമാണ്. ആരോഗ്യ മേഖലയില്‍ ഏറെ പിന്നിലുള്ള ജില്ലയില്‍ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നേട്ടമാകും. പ്രളയാനന്തര പുനര്‍നിര്‍മാണവും ജില്ലയില്‍ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്ന വിമര്‍ശനവും ഇടുക്കിയുടെ മന്ത്രിക്ക്  പരിഹരിക്കേണ്ടതുണ്ട്. 

ജലവിഭവ മന്ത്രിയായതുകൊണ്ടുതന്നെ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിപരിക്കാന്‍ പദ്ധതികള്‍ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കുമളി, ചക്കുപള്ളം അയ്യപ്പൻകോവിൽ, കാഞ്ചിയാർ മേഖലകളിലെ ശുദ്ധജല പ്രതിസന്ധിയും കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള രാജകുമാരി ശുദ്ധജല പദ്ധതിയുടെ നവീകരണവും അടിയന്തര ശ്രദ്ധ വേണ്ട വിഷയങ്ങളാണ്.