പുൽപള്ളി: കോവിഡ്, ലോക്ഡൗൺ മൂലമുണ്ടായ തൊഴില്‍ നഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഗ്രാമീണ മേഖലയിലുള്ളവരെ ദുരിതത്തിലാക്കുന്നു. 100 രൂപ പോലുമെടുക്കാനില്ലാതെ സാധാരണക്കാര്‍ വലയുകയാണ്. അത്യാവശ്യം റബറോ, തേങ്ങയോ ഉള്ളവര്‍ക്ക് വില്‍ക്കാനാവാത്ത അവസ്ഥ. കപ്പയും ചേനയുമൊന്നും വാങ്ങാനാരുമില്ല.
ഗ്രാമപ്രദേശങ്ങളിലെ ചെറുകടകളില്‍ കടംകൊടുക്കില്ലെന്ന ബോര്‍ഡുകള്‍ വന്നുതുടങ്ങി. പ്രദേശത്തുള്ളവര്‍ക്കു കടം നല്‍കിയത് തിരിച്ചു കിട്ടാതെ ബുദ്ധിമുട്ടിലായവരാണ് ബോര്‍ഡെഴുതിയത്. ചെറുകിട സ്ഥാപനങ്ങളിലും നിര്‍മാണ മേഖലയിലും ജോലി ചെയ്തിരുന്നവര്‍ക്കു പണിയും വരുമാനവുമില്ലാതെ വീര്‍പ്പുമുട്ടുന്നു. കബനിപുഴയിലെ തോണിക്കടവുകള്‍ അടച്ചതോടെ അക്കരെയിക്കരെ പോക്കുവരവു നിലച്ചു. ദിവസക്കൂലിക്കാരായ പലരുടെയും തൊഴില്‍ ഇല്ലാതായി.
കഴിഞ്ഞ ദിവസങ്ങളിലെ മഴയും തൊഴില്‍ മേഖലയ്ക്കു വിനയായി. സാധാരണക്കാരന്റെ വരുമാനമാര്‍ഗമായിരുന്ന ക്ഷീരമേഖലയിലാകട്ടെ മിൽമയുടെ പുതിയ നിർദേശം തിരിച്ചടിയായി. പാല്‍ സംഭരണം കുറച്ചതും വൈകുന്നരത്തെ പാല്‍ വേണ്ടെന്ന തീരുമാനവും ക്ഷീരകര്‍ഷകരെ പ്രയാസത്തിലാക്കി. മിച്ചംവരുന്ന പാല്‍ വെറുതെ കളയേണ്ട അവസ്ഥയിലാണ് പല കര്‍ഷകരും.