ഏഴു മാസം മുന്‍പ് പാലക്കാട് പുതുനഗരത്തു നിന്നു കാണാതായ വളര്‍ത്തുനായയെ 130 കിലോമീറ്റര്‍ അകലെ മലപ്പുറത്തെ വണ്ടൂരില്‍ നിന്നു കണ്ടെത്തി. ലോക്ഡൗണ്‍ പരിശോധനയില്‍ പൊലീസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച തെരുവുനായയെ കുറിച്ചുളള മനോരമ ന്യൂസ് വാര്‍ത്ത കണ്ടാണ് പുതുനഗരം സ്വദേശി അനന്തന്‍ സ്വന്തം അപ്പൂസിനെ തിരിച്ചറിഞ്ഞത്.

ലോക്ഡൗണ്‍ കാലമായിരുന്നിട്ടും അപ്പൂസിനെ തേടി അനന്തനെത്തി. യജമാനനെ തിരിച്ചറിഞ്ഞതോടെ അനന്തന്‍ കണ്ണീരണിഞ്ഞു.  കുടുംബാംഗത്തെപ്പോലെ സ്നേഹിച്ചിരുന്ന വളര്‍ത്തുനായയെ കാണാതായത് അനന്തനേയും ഭാര്യയേയും 2 മക്കളേയും കരയിച്ചിരുന്നു.

ഏഴു മാസം മുന്‍പ് കാണാതായ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ എങ്ങനെ വണ്ടൂര്‍ വരെ എത്തിയെന്ന സംശയം ബാക്കിയാണ്.  വന്ന വാഹനത്തില്‍ തന്നെ അപ്പൂസ് സന്തോഷപൂര്‍വം പാലക്കാട്ടേയ്ക്ക് യാത്ര തിരിച്ചു. ലോക്ഡൗണില്‍ വണ്ടൂരിലെ  പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനയില്‍ സജീവമായി പങ്കെടുക്കുന്ന തെരുവുനായയെക്കുറിച്ചുളള മനോരമ ന്യൂസ് കണ്ടപ്പോഴാണ് അത് കാണാതായ അപ്പൂസാണന്ന് കുടുംബം തിരിച്ചറിഞ്ഞത്. 

പൊലീസിനൊപ്പം ചേര്‍ന്നുളള തെരുവുനായയുടെ സ്തുത്യര്‍ഹമായ സേവനമനസ്കത തിരിച്ചറിഞ്ഞ് കാരക്കുന്ന് തച്ചുണ്ണി സ്വദേശി റിയാസാണ് അപ്പൂസിനെ സംരക്ഷിച്ചിരുന്നത്.