മലപ്പുറം കരുവാരകുണ്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കുണ്ടോട തരിശ് സ്വദേശി വാലയിൽ ഷാജിയാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ വനത്തിലേക്ക് മടക്കി അയക്കാനായത്.
കുണ്ടോട, കക്കറ മേഖലകളില്‍ അപ്രതീക്ഷിതമായി എത്തിയ കൂറ്റൻ കാട്ടുപോത്താണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജനവാസമേഖലകളില്‍ നിന്ന് തിരികെ കാട്ടിലേക്ക് കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചതോടെ പല ഭാഗങ്ങളിലൂടെ ചിതറിയോടി. വീടുകളിലേക്ക് ഒാടിക്കയറാന്‍ ശ്രമിച്ച കോട്ടുപോത്തിനെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഷാജിക്ക് കുത്തേറ്റത്. സാരമായ പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രദേശത്തെ കൊടക്കാടൻ ഹുസൈന്റെ സ്കൂട്ടറിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്ത് കാടുകയറിയത്. സൈലന്റ്്വാലി ബഫര്‍സോണിനോട് ചേര്‍ന്ന പ്രദേശമാണിത്. വനം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. പ്രവാസിയായ ഷാജി കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.