rto

കോവിഡ് കാലത്ത് ഏറ്റവും വിലപ്പെട്ട വസ്തു ഏതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ-ഓക്സിജൻ. ഓക്സിജനുണ്ടെങ്കിലും അത് എത്തേണ്ടിടത്ത് എത്തിക്കാൻ ആളില്ലെന്നു വന്നാലോ. ഇതോടെയാണ് പദവിയൊന്നും നോക്കാതെ മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി മനോജ് ഓക്സിജൻ വാഹനത്തിന്റെ ഡ്രൈവറും സിലിണ്ടർ ഇറക്കാൻ സഹായിക്കുന്ന ചുമട്ടുകാരനുമൊക്കെയായി മാറിയത്.

താൻ ചെയ്തത് അത്ര വലിയ കാര്യമായി എം.ജി.മനോജ് കരുതുന്നില്ല. ഒന്നു മാത്രം ഉറപ്പുണ്ടായിരുന്നു. താൻ ഓടിക്കുന്ന വാഹനത്തിലുള്ളത് അനേകം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്ന ജീവശ്വാസമാണെന്ന്. അത് വേഗത്തിലെത്തിക്കണമെന്നു മാത്രം.  മാവേലിക്കര കുന്നം ട്രാവൻകൂർ ഓക്സിജൻ ഫാക്ടറിയിൽ നിന്നും ചെങ്ങന്നൂർ സിഎഫ്എൽറ്റിസിയിലേക്ക് ഓക്സിജൻ സിലിൻഡറുകൾ അടിയന്തിരമായി എത്തിക്കണമെന്ന് നിർദേശം വന്നു. ടിപ്പർ ലോറിയുടെ  ഡ്രൈവർക്ക് സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. ആലോചിച്ചു നിൽക്കാൻ നേരമില്ലായിരുന്നു. ജോയിന്റ് ആർടിഒ  എം.ജി മനോജ് ഉടൻ വാഹനത്തിന്റെ സാരഥ്യം ഏറ്റെടുത്ത് ലോറിയുമായി ഓക്സിജൻ ഫാക്ടറിയിൽ എത്തി. ഫാക്ടറി ജീവനക്കാർക്ക് ആദ്യം കൗതുകം തോന്നിയെങ്കിലും കാര്യമറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ സിലിൻഡറുകൾ ലോഡ് ചെയ്തു. തുടർന്ന് ചെങ്ങന്നൂർ ഐ.പി.സി. പാരിഷ് ഹാളിൽ സജ്ജമാക്കിയിട്ടുള്ള സി.എഫ്.എൽ. റ്റി.സി യിലേക്ക് വേഗത്തിലൊരു യാത്ര. അവിടെ കയറ്റിറക്കിന് പ്രത്യേകം ജീവനക്കാർ ഇല്ലായിരുന്നു. മാലിന്യ നിർമാർജനത്തിന് ചുമതലയുണ്ടായിരുന്ന രണ്ടു പേരോടൊപ്പം മനോജും പൈലറ്റ് വാഹനം ഓടിച്ചെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാറും  ചേർന്ന്  ഓക്സിജൻ സിലിൻഡറുകൾ ഇറക്കി. 

കോവിഡ് രോഗികൾ വർദ്ധിക്കുന്നതിനാൽ ഓക്സിജന്റെ സുഗമമായ വിതരണത്തിനുള്ള വാഹന ക്രമീകരണം മോട്ടോർ വാഹന വകുപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. ഓക്സിജൻ വാഹനങ്ങളുടെ യാത്ര തടസപ്പെടാതിരിക്കാൻ ഇവയ്ക്കെല്ലാം  ബീക്കൺ ലൈറ്റുകളും മോട്ടോർ വാഹന വകുപ്പിന്റെ  നേതൃത്വത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. മനോജിന്റെ സമയോചിതമായ ഇടപെടലിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. സജി ചെറിയാൻ എംഎല്‍എ അടക്കുള്ള വരും സമൂഹ മാധ്യമ കുറിപ്പിലൂടെ എം ജി മനോജിന്റെ സേവനത്തെ പ്രകീർത്തിച്ചു.