സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയും കടുത്ത പ്രതിസന്ധിയില്‍. ജീവനക്കാരുടെ കുറവു മൂലം മരുന്നു വിതരണം മന്ദഗതിയിലായതോടെ പലിയടത്തും മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കോവിഡ്
മുന്നണിപ്പോരാളികളാക്കി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം.
കോവിഡ് വ്യാപനത്തിനടിലും ലോക്ക് ഡൗണിലും ഒറു ദിവസം പോലും മുടങ്ങാതെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ് സംസ്ഥാനത്തെ ഔഷധ വ്യാപാരമേഖല. എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മരുന്നു സംഭരിക്കുന്ന ഗോഡൗണുകളും മൊത്തവില്‍പന ശാലകളും മെഡിക്കല്‍ സ്റ്റോറുകളുമെല്ലാം അടച്ചിടേണ്ട അവസ്ഥയിലാണ്. ജീവനക്കാരുടെ കുറവ് മരുന്നു വിതരണത്തെയും ബാധിക്കുന്നു. ഇത് കോവിഡ് പ്രതിരോധത്തിന്
പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു
കോവിഡ് രോഗികളുമായും രോഗ വാഹകരുമായും നേരിട്ട് സമ്പര്‍ക്കമുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ളവരാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍. ഈ സാഹചര്യത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയും കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി വാക്സീന്‍
വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.