സിപിഎമ്മില്‍നിന്ന് പുറത്താക്കിയ കാലത്ത് ഗൗരിയമ്മയെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി..
‘ കരയാത്ത ഗൗരി
തളരാത്ത ഗൗരി
നെറികെട്ട ലോകം
കനിവറ്റ കാലം
പടകാളിയമ്മേ..
കരയിച്ചു നിന്നെ’.
നെറികെട്ട ലോകത്തിന്റെ കനിവുകേടില്‍ അന്ന് കരഞ്ഞതിന് ശേഷം പിന്നെ കരഞ്ഞിട്ടില്ലെന്നും, കരച്ചില്‍ ദുര്‍ബലരുടെ ലക്ഷണമാണെന്നും ഗൗരിയമ്മ നേരെ ചൊവ്വേ അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. മന്ദഹസിച്ചു നമ്മെ സ്വന്തമാക്കുന്ന നേതാവായിരുന്നില്ല ഗൗരിയമ്മ. ദ്വേഷിക്കുകയോ കാംക്ഷിക്കുകയോ ചെയ്യാത്ത നിത്യസന്ന്യാസിയും ആയിരുന്നില്ല. ഒരു ചലനവും ഉണര്‍ത്താത്ത കേവലശരീരമല്ല. വിശേഷണങ്ങളെക്കാള്‍ ആക്ഷേപങ്ങള്‍ തിന്നു വളര്‍ന്നവള്‍ ഗൗരി.
നേതാവെന്നും മന്ത്രിയെന്നും എം.എല്‍.എയെന്നുമെല്ലാമുള്ള ഒരുപാട് മേലങ്കികള്‍ പൊതുജീവിതത്തില്‍ ധരിച്ചെങ്കിലും വിപ്ലവകാരി എന്ന മേല്‍വിലാസത്തിലാണ് കെ.ആര്‍.ഗൗരിയമ്മയെ കേരളം അടയാളപ്പെടുത്തുന്നത്. ജീവിതം ഉപേക്ഷിച്ച് മുറുകെപിടിച്ച പ്രസ്ഥാനത്തിനുപോലും ഒരു തിരസ്ക്കരണം കൊണ്ട് ഒറ്റപ്പെടുത്താന്‍ കഴിയാത്ത പോരാളി തന്നെയായിരുന്നു അവര്‍. പരീക്ഷണങ്ങളുടെ പലകാലങ്ങള്‍ അവര്‍ താണ്ടി. മുനയുള്ള കുത്തുവാക്കുകളെയും കുത്തിനോവിച്ച അവഗണനകളെയും അവര്‍ ഇച്ഛാശക്തികൊണ്ട് അതിജീവിച്ചു.
ജാതിയുടെയും സ്ത്രീത്വത്തിന്‍റെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെയും പേരിലായിരുന്നു നിന്ദകള്‍ ഏറെയും കേട്ടത്. ‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും’ എന്ന് അണികളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പാര്‍ട്ടി തന്നെ ഗൗരിയമ്മയ്ക്കു മുഖ്യമന്ത്രിയാകാന്‍ അവസരം നിഷേധിച്ചത് ഇപ്പോഴും ഏറെപേര്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ ‘ഗൗരിച്ചോത്തി പെണ്ണല്ലേ, പുല്ലു പറിയ്ക്കാന്‍ പോയ്ക്കൂടേ’ എന്ന മുദ്രാവാക്യം ഓര്‍മിക്കുന്നവര്‍ കുറവായിരുന്നു.
1987ല്‍ മുഖ്യമന്ത്രിയാവാന്‍ തനിക്ക് അവസരമുണ്ടായിരുന്നു എന്നാണ് ഗൗരിയമ്മ വിശ്വസിച്ചിരുന്നത്. സി.പി.എം നേതാക്കള്‍ ഇതു നിഷേധിക്കുമെങ്കിലും താന്‍ താഴ്ന്ന ജാതിക്കാരിയായതുകൊണ്ട് ഇ.എം.എസ് ഇ.കെ.നായനാരെ മുഖ്യമന്ത്രിയാക്കിയെന്നുതന്നെ ഗൗരിയമ്മ വിശ്വസിച്ചു. ഇ.എം.എസ് മരിച്ചപ്പോള്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ പോയില്ല ഗൗരിയമ്മ. തനിക്ക് ഇ.എം.എസിനെക്കുറിച്ചു അത്രയേയുള്ളൂ അഭിപ്രായം എന്ന് തുറന്നടിക്കുകയും ചെയ്തു.
ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആകും എന്നു കരുതിയല്ല. സ്ത്രീപ്രാതിനിധ്യത്തിന്‍റെ ആനുകൂല്യത്തില്‍ ഒരു സ്ഥാനവും അവര്‍ നേടിയില്ല. അവര്‍ മന്ത്രിയായത് സ്ത്രീയായതുകൊണ്ടല്ല, ഗൗരിയമ്മ ആയതുകൊണ്ടാണ്. 1967ലെ മുന്നണി മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഇ.എം.എസിനുമാത്രം പിന്നില്‍ രണ്ടാംസ്ഥാനക്കാരിയായിരുന്നു. സിപിഎം നിയമസഭാകക്ഷി ഉപനേതാവായിരുന്നു. നമ്പൂതിരിപ്പാടില്ലാത്ത അവസരങ്ങളില്‍ ഒന്നാം നമ്പറായിത്തന്നെ ഗൗരിയമ്മ പെരുമാറുമ്പോള്‍ ചിലരുടെ മുഖത്ത് സാപഹാസമായ ഒരു പുഞ്ചിരി വിടരാറുണ്ട് എന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് പവനന്‍ എഴുതിയിട്ടുണ്ട്. ഗൗരിയമ്മ പക്ഷേ ഇതൊന്നും ഗൗനിച്ചിട്ടില്ല. താന്‍പോരിമ അവരുടെ കൂടപ്പിറപ്പായിരുന്നു. അധികാരം ഗൗരിയമ്മയെ ദുഷിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിച്ചിട്ട് പവനന്‍ പറയുന്നുണ്ട് അവരുമായി ഇടപഴകേണ്ടിവന്നപ്പോഴൊക്കെ ഈ നാടുഭരിക്കുന്ന മന്ത്രിയാണ് താന്‍ എന്ന ഭാവം കണ്ടിട്ടുണ്ട് എന്ന്. എന്നാല്‍ ഇതൊരു സ്ഥായീഭാവമല്ല. ഉള്ളിന്‍റെയുള്ളില്‍ ഏകാന്തവും ശോകമയവുമായ ഒരു ഭാവത്തെ നിലനിര്‍ത്തിയിരുന്ന അവര്‍ക്ക് ഒരു മാന്‍പേടയെപ്പോലെ പെരുമാറാനും കഴിയും എന്നും പവനന്‍ എഴുതിയത് ഓര്‍ക്കുന്നു.
ഓര്‍ക്കാന്‍ ഒന്നു രണ്ട് ഉദാഹരണങ്ങളുണ്ട്. ഗൗരിയമ്മയ്ക്ക് ഒരു നായയുണ്ടായിരുന്നു – റാണ.
‘എന്റെ മാനസികാവസ്ഥ എല്ലാം അവന് അറിയാമായിരുന്നു. ഒരിക്കല്‍ ഞാന്‍ ഡല്‍ഹിയില്‍ പോകാനിറങ്ങിയപ്പോള്‍ അവന്‍ എന്റെ വണ്ടിക്ക് കുറുകെകിടന്ന് തടഞ്ഞു. ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും അവന്‍ വണ്ടിയുടെ മുന്നില്‍ നിന്ന് മാറിയില്ല. പിന്നെ ഞാന്‍ പോവുന്നില്ലെടാ എന്നൊക്കെപ്പറഞ്ഞ് വീടിനകത്ത് പൂട്ടിയിട്ടിട്ടാണ് പോയത്. അന്ന് അരൂര്‍മുക്കം കഴിയുന്നതിന് മുമ്പ് എനിക്ക് ഹൈ ടെംപറേച്ചര്‍ വന്നു. ഒടുവില്‍ റയില്‍വെ സ്റ്റേഷനില്‍ ഡോക്ടര്‍ വന്ന് കുത്തിവച്ച് മരുന്നൊക്കെ തന്നു. എന്നിട്ടും ഞാന്‍ പോക്ക് മാറ്റിവച്ചില്ല.’
2007 ഏപ്രിലില്‍ 1957ലെ നിയമസഭ 50 വര്‍ഷം തികച്ച സന്ദര്‍ഭത്തില്‍ മനോരമ ന്യൂസ് ചാനല്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചര്‍ച്ച ചില ചരിത്രമുഹൂര്‍ത്തങ്ങളുടെ പുനരാഗമനത്തിന് വേദിയായത് ഒാര്‍ക്കുന്നു. 57ലെ നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ.ആര്‍.ഗൗരിയമ്മ, വെളിയം ഭാര്‍ഗവന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, കല്യാണ കൃഷ്ണന്‍ നായര്‍, മേലേത്ത് ഗോപിനാഥന്‍പിള്ള, ആര്‍.പ്രകാശം, കെ.ശിവദാസന്‍, റോസമ്മ പുന്നൂസ് തുടങ്ങിയവരൊക്കെ പങ്കെടുത്ത ആ ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പതിവില്ലാത്തവിധം അസ്വസ്ഥനായാണ് പി.ജിയെ കണ്ടത്. വെളിയം ഭാര്‍ഗവന്‍ ആണെങ്കില്‍ തീരെ താല്‍പര്യമില്ലാത്ത ഭാവത്തില്‍. ഗൗരിയമ്മയുടെ സാന്നിധ്യമായിരുന്നു ഇവരുടെ പ്രശ്നം. വെളിയവും ഗൗരിയമ്മയും കൊമ്പുകോര്‍ത്തു നില്‍ക്കുന്ന സമയം. വെളിയം ഒാരോന്നു പറയുന്നത് വെളിവില്ലാത്തതുകൊണ്ടാണെന്നു ഗൗരിയമ്മ പറഞ്ഞിരുന്നു. പക്ഷേ തമ്മില്‍ കണ്ടപ്പോള്‍ രണ്ടുപേരുടെയും മട്ടുമാറി. 50വര്‍ഷത്തെ സൗഹൃദം ഒന്നാകെ തിരിച്ചെത്തിയതുപോലെ. തലയില്‍ തട്ടിയ വെളിയത്തോട് ഗൗരിയമ്മയുടെ പ്രതികരണം - ‘എനിക്കു വെളിവുണ്ടോ എന്ന് അവന്‍ നോക്കുകയാ’.
പ്രസവിക്കാത്ത സ്ത്രീ എന്നത് ആക്ഷേപമായി ഗൗരിയമ്മയുടെ നേരേ നീണ്ടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മനസില്‍ തൊട്ടൊരു മറുപടിയാണ് അവര്‍ തന്നത്. കല്യാണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെ ഗര്‍ഭഛിദ്രം ഉണ്ടായി. ഡോക്ടര്‍ നിര്‍ദേശിച്ച യാത്രാവിലക്ക് അവഗണിക്കേണ്ടിവന്നത് ഭര്‍ത്താവ് ടി.വി.തോമസിന്‍റെ നിര്‍ബന്ധം കൊണ്ടു കൂടിയാണ്. പാര്‍ട്ടി രണ്ടായെങ്കിലും ഗൗരിയമ്മയും ടി.വിയും ഒന്നിച്ചു താമസിക്കുന്ന കാലത്താണ് രണ്ടാമത്തെ അബോര്‍ഷന്‍. അന്നു ടി.വി ഒരുപാടു വേദനിച്ചതിനെക്കുറിച്ചും ഗൗരിയമ്മ പറയുന്നുണ്ട്.
പാര്‍ട്ടി പിളര്‍പ്പിന്‍റെ കാലത്ത് ടി.വി.തോമസിനെപ്പോലെ ഗൗരിയമ്മയെയും സിപിഐയില്‍ നിലനിര്‍ത്താനുളള ദൗത്യവുമായി വന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍ക്ക് ടി.വി നല്‍കിയ മുന്നറിയിപ്പ് ‘ആളൊരു കൊച്ചു പിച്ചാത്തിയാണ്, തടി കേടാകാതെ നോക്കിക്കോ’ എന്നായിരുന്നു.
ഭാര്യ എന്ന നിലയില്‍ ടി.വി തോമസിനെ എങ്ങനെ കണ്ടു എന്ന ചോദ്യത്തിന് ഗൗരിയമ്മ തന്ന മറുപടി സര്‍വലൗകിക സ്വഭാവമുള്ളതാണ്. അവര്‍ പറഞ്ഞു – ‘എത്ര വലിയ രാഷ്ട്രീയം പറഞ്ഞാലും സ്ത്രീപുരുഷബന്ധത്തില്‍ ഇന്നും മേലും താഴെയും ഒക്കെയുണ്ട്’.
ഗൗരിയമ്മയുടെ ദേഷ്യം അവരോളം തന്നെ പ്രസിദ്ധമാണ്. അതേക്കുറിച്ചുള്ള ചോദ്യത്തിന് ‘ആദ്യം തന്നെ ദേഷ്യം വരില്ലെന്നും സഹിക്കാനാവാത്ത അവസ്ഥയില്‍ ആര്‍ക്കും ദേഷ്യം വരില്ലേ’ എന്ന മറുചോദ്യവുമായിരുന്നു മറുപടി. വിശ്വാസം വരാതെയുള്ള എന്റെ അടുത്തചോദ്യത്തിന് ചിരിച്ചുകൊണ്ട് ഗൗരിയമ്മ മറുപടിതന്നു – ‘ചിലപ്പോള്‍ ആദ്യം തന്നെ വരും’.
ഒരു തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് വനിതയായ ഗൗരിയമ്മയ്ക്ക് പാര്‍ട്ടി നയത്തിന് ചേരാത്ത ചില ഇഷ്ടങ്ങളുമുണ്ടായിരുന്നു. സ്വര്‍ണത്തോടുള്ള താല്‍പര്യം തന്നെയായിരുന്നു അത്. അത് ചെറുപ്പംമുതലുള്ള ഇഷ്ടമാണോ എന്നു ചോദിച്ചപ്പോള്‍ ഗൗരിയമ്മ പറഞ്ഞു.
‘ഒരുപാടു സ്വര്‍ണമിട്ട ആളായിരുന്നു. ഞങ്ങള്‍ രണ്ട് മക്കളാണ്. ഞാന്‍ വക്കീലായിരുന്നപ്പോള്‍ എന്റെ കൂട്ട് വക്കീലന്മാര്‍ പറയുമായിരുന്നു. കക്ഷിയുടെ പണം ജപ്തിചെയ്ത് ഈടായില്ലെങ്കില്‍ വക്കീലിന്റെ കൈ ജപ്തിചെയ്താല്‍ മതിയെന്ന്. അതുപോലെ സ്വര്‍ണമിട്ടിരുന്നു. കുടുംബത്തില്‍പ്പിറന്ന ആളുകള്‍ സ്വര്‍ണമിടാതെ പുറത്തുപോകുമ്പോള്‍ മാനഹാനിയാണെന്ന് വിചാരിക്കും. പക്ഷേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു ജയിലില്‍ പോയി തിരികെ വന്നപ്പോള്‍ എന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും നെക്‌ലെസ് ഇട്ടില്ല. പിന്നെ ഞാനിട്ട സ്വര്‍ണം ടി.വി.തോമസിനെ കല്യാണംകഴിച്ചപ്പോഴത്തെ ഒരു താലിമാലയാണ്’.
കഴുത്തില്‍ കിടക്കുന്ന മാല കണ്ടിട്ടാണ് എന്റെ ചില സംശയങ്ങള്‍ എന്നുതോന്നി ഗൗരിയമ്മയ്ക്ക്. പ്രതികരണം പെട്ടെന്നായിരുന്നു. ഇതു കണ്ടിട്ട് വലിയ മാലയാണെന്ന് വിചാരിക്കേണ്ട എന്നു പറഞ്ഞ് അഭിമുഖത്തിനിടെ ആ മാല ഊരിയെടുത്തു മുന്നിലേക്കിട്ടു. മാലയുടെ തൂക്കം ഉള്‍പ്പെടെ ഒന്നും മറയ്ക്കാനില്ല എന്ന മട്ടില്‍ ക്യാമറയുടെ മുന്നില്‍ മാലയൂരല്‍ നടത്തിയ ഗൗരിയമ്മ ഒന്നുകൂടി ഉറപ്പിച്ചു – ഒരു പവനും ഏതാണ്ടുമേ ഉള്ളൂ. സ്വര്‍ണത്തോട് ഭ്രമമില്ലെന്ന് പറയാന്‍ തന്റെ വരുമാന സ്രോതസുകള്‍ ഒന്നൊന്നായി വിളിച്ചുപറഞ്ഞു. ഇതെല്ലാം കൊണ്ട് അണിഞ്ഞൊരുങ്ങി നടക്കാനുമാവുമെന്നും പക്ഷെ തന്റെ താല്‍പര്യം അതല്ലെന്നും ഗൗരിയമ്മ തറപ്പിച്ചു പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് ഇല്ലാത്തതോ മറച്ചുവയ്ക്കുന്നതോ ആയ മറ്റൊന്നുകൂടി ഗൗരിയമ്മ എടുത്തു പുറത്തേക്കിട്ടു. ദൈവഭയം, കൃഷ്ണഭക്തി.
‘നമ്മള്‍ എന്തൊക്കെപ്പറഞ്ഞാലും കേരളത്തില്‍ ‘അയ്യോ ദൈവമേ’ എന്ന് പറയുന്നവരാണ്. എനിക്ക് കൃഷ്ണനോട് ഇഷ്ടമാണ്. ആദ്യകാലത്ത് കൃഷ്ണഭക്തയായിരുന്നു. ഇപ്പോഴും ആള്‍ക്കാര്‍ കൃഷ്ണവിഗ്രഹങ്ങള്‍ തരും. ഒരുപാട് എന്റെ വീട്ടില്‍ ഇരിക്കുന്നുണ്ട്. കുറഞ്ഞത് ഒരു പത്ത് അന്‍പതെണ്ണമെങ്കിലും കാണാം. പാര്‍ട്ടിയിലുള്ളപ്പോള്‍ കൃഷ്ണനെ ആരാധിച്ചുവോ എന്നു ചോദിച്ചാല്‍ സമയം കിട്ടേണ്ടേ? പില്‍ക്കാലത്ത് തളര്‍ന്ന് വീട്ടില്‍വരുമ്പോള്‍, അല്ലെങ്കില്‍ ആ ചിത്രം കാണുമ്പോള്‍ ഓര്‍ക്കും ഗൗരി കൃഷ്ണനെ.’
അല്ലെങ്കിലും വൈരുദ്ധ്യങ്ങള്‍ ചൂഴ്ന്നുനിന്ന ജീവിതമാണ് ഗൗരിയമ്മയുടേത്. അടിയുറച്ച കമ്യൂണിസ്റ്റ് ആയിരിക്കെ അവരുടെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് അടിയുറച്ച മുതലാളിയായിരുന്നു – മണര്‍കാട് പാപ്പന്‍. അയാള്‍ക്ക് സര്‍ക്കാരിന്‍റെ വക ഒരു സഹായവും നല്‍കിയിട്ടില്ല എന്നു ഗൗരിയമ്മ പറയുമായിരുന്നു. പിന്നീട് സി.പി.എമ്മിന് അനഭിമതനായ കെ.പി.പി.നമ്പ്യാരായിരുന്നു ഗൗരിയമ്മയുടെ മറ്റൊരു സുഹൃത്ത്.
2009 ജൂലൈയില്‍ ഗൗരിയമ്മയ്ക്ക് 90 വയസ് തികഞ്ഞപ്പോള്‍ മുഖസ്തുതി മത്സരമായിരുന്നു നേതാക്കള്‍ തമ്മില്‍. കെ.എം.മാണി ഗൗരിയമ്മയുടെ നിയമസഭയിലേക്കുള്ള വരവും, മുടി മുന്നോട്ടാക്കിയുള്ള നടപ്പും, കാരിരുമ്പിന്‍റെ കരുത്തും ഒക്കെ വര്‍ണിച്ച് വര്‍ണിച്ച് ഒടുവില്‍ പറഞ്ഞത് ഈ മനോഹരിയായ ഗൗരിയമ്മ അവിടെ വന്ന് ഇരിക്കുമ്പോള്‍ ഇതൊരു പെണ്ണല്ല ആണാണ് എന്ന് എല്ലാവരും സമ്മതിക്കും എന്നാണ്. മുഖസ്തുതികള്‍ക്കൊക്കെ ഗൗരിയമ്മയുടെ വക കൊട്ടും ഉണ്ടായിരുന്നു. നവതി ദിവസം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഗൗരിയമ്മയുടെ വീട്ടില്‍ വന്ന് ഉൗണു കഴിച്ചു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് നോണ്‍ വെജിറ്റേറിയന്‍ കഴിച്ചത്. പക്ഷേ അതിന്‍റെ തലേന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞു – ‘വിഎസിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നാല്‍പതു തവണ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന അവസ്ഥയുണ്ടായേനെ’. വളരെ സ്നേഹത്തോടെ വിഎസിനെ ഊണു കഴിപ്പിച്ചു യാത്രയാക്കി ഗൗരിയമ്മ. രണ്ടുദിവസത്തിനുശേഷം വി.എസിനെ പിബിയില്‍നിന്ന് തരം താഴ്ത്തിയെന്ന വാര്‍ത്ത വന്നു. ഗൗരിയമ്മ പറഞ്ഞു – ‘വിഎസിന് ഒരു തട്ടു കിട്ടേണ്ടത് ആവശ്യമായിരുന്നു.’
ഗൗരിയമ്മ ഒരു മിശ്രാനുഭവമാണ്. ഏതൊരു ജീനിയസിനെയുംപോലെ നല്ലകാലത്ത് അവസാനിപ്പിക്കാത്ത രാഷ്ട്രീയ ജീവിതങ്ങളെല്ലാം പരാജയമായിരിക്കും എന്ന ഇന്നോക്ക് പവലിന്‍റെ പ്രവചനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് അവരുടെ അടുത്തകാലത്തെ രാഷ്ട്രീയജീവിതം. എന്നാല്‍ ഏറെ വളര്‍ന്നതുകൊണ്ടുമാത്രം പിന്നിലായ ഓര്‍മകളില്‍ അവര്‍ സ്ഫോടകശേഷികൂടിയ കമ്യൂണിസ്റ്റുനേതാവാണ്. അവരുടെ ജീവിതം വിമോചക പാരായണമാണ്.