kottayam-rims.jpg.image.845.440

 ജില്ലാ ഭരണകൂടം ഏറ്റെടുത്ത റിംസ് ആശുപത്രിയുടെ പ്രവർത്തനം അടിയന്തരമായി തുടങ്ങാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. 2 വർഷത്തോളമായി അടഞ്ഞു കിടക്കുന്ന ആശുപത്രി വൃത്തിയാക്കുന്ന നടപടികൾ ഇന്നലെ രാത്രി തുടങ്ങി. നഗരസഭയുടെ ‌മേൽനോട്ടത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തുന്നത്. ഉപയോഗിക്കാതെ കിടന്നതിനാൽ സെപ്റ്റിക് ടാങ്കുകളുടെ പ്രവർത്തനവും തകരാറിലായിട്ടുണ്ട്. 3 ദിവസം കൊണ്ടു പണികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണു തീരുമാനം.

 

ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയാൽ 300 പേർക്ക് ഒരേ സമയം ഇവിടെ ചികിത്സ ലഭ്യമാകും. 40 പേർക്കുള്ള വെന്റിലേറ്റർ സൗകര്യവും ലഭിക്കും. ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളായ പൂഞ്ഞാർ തെക്കേക്കര, തിടനാട് തലപ്പലം പഞ്ചായത്തുകളിലും രോഗവ്യാപനം വളരെ കൂടുതലാണ്. തിടനാട് പഞ്ചായത്തിലെ 14ൽ 12 വാർഡുകളും കർശന നിയന്ത്രണത്തിലാണ്. മൈക്രോ കണ്ടെയ്ൻമെന്റ് വാർഡുകളും ഇതിൽപെടും.

 

റിംസ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തുള്ളവർക്കു തൊട്ടടുത്തു തന്നെ ചികിത്സ ലഭ്യമാകും. ഈരാറ്റുപേട്ട നഗരസഭയുടെ കീഴിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ എഫ്എൽടിസി പ്രവർത്തിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എഫ്എൽടിസിയുടെ നിർമാണം നടത്തി വരികയാണ്. 12നു ഇതിന്റെ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും ഡോമസിലിയറി കെയർ സെന്ററുകളും ആരംഭിക്കുന്നു. ഇതോടൊപ്പം റിംസിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ കോവിഡ് ചികിത്സ ലഭിക്കാനുള്ള സൗകര്യം വർധിക്കും.

 

സർവകക്ഷി യോഗം നിയുക്ത എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യഷൻ മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി ഡോ.ഇസ്മായിൽ, ബാങ്ക് പ്രതിനിധി വിനോദ്, എം.എച്ച്.ഷെനീർ, പി.എച്ച്.നൗഷാദ്, സിറാജ് കണ്ടത്തിൽ, ഇ.കെ.മുജീബ്, റഷീദ്, നഗരസഭ മുൻ അധ്യക്ഷന്മാരായ വി.എം.സിറാജ്, ടി.എം.റഷീദ്, വി.കെ കബീർ, ഇമാം മുഹമ്മദ് നദീർ മൗലവി, പി.എഫ്.ഷെഫിഖ് എന്നിവർ പങ്കെടുത്തു.