പാലക്കാട്: കേരളമാകെ ഇടതുപക്ഷവും കയ്യടിച്ച വിജയം പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റേതായിരിക്കും. കാരണം, കേരളത്തിൽ ബിജെപിയുടെ അവസാന സീറ്റ് പ്രതീക്ഷയും ഇല്ലാതാക്കിയതു പാലക്കാട്ടാണ്. മൂന്നാം സ്ഥാനത്തായെങ്കിലും, ബിജെപിക്കു സീറ്റ് ലഭിച്ചില്ലെന്ന ആഹ്ലാദം സിപിഎമ്മിനുണ്ട്.തുടക്കം മുതൽ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരനു തന്നെയായിരുന്നു പാലക്കാട്ടു മുന്നേറ്റം. 

 

രാവിലെ 8ന് ആരംഭിച്ച വോട്ടെണ്ണൽ ഉച്ച കഴിയുമ്പോഴും ശ്രീധരൻ തന്നെയായിരുന്നു മുന്നിൽ. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ലീഡ് എണ്ണായിരം കടന്നു മുന്നോട്ടു പോയി. ഇതോടെ യുഡിഎഫ്, എൽഡിഎഫ് ക്യാംപിൽ നിരാശ പടർന്നു. ഇതിനിടെ തൃശൂരും നേമത്തും പാലക്കാടും ഉൾപ്പെടെ മൂന്നിടത്തു ബിജെപിക്കു മുന്നേറ്റമായി.

 

നഗരസഭ കഴിഞ്ഞു പഞ്ചായത്തുകളുടെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ശ്രീധരന്റെ ലീഡ് കുറഞ്ഞു.ഇതിനിടെ, തൃശൂരിലും നേമത്തും പിന്നിലേക്കു പോയപ്പോൾ സ്കോർ ബോർഡിൽ ബിജെപിക്ക് ഒരേയൊരു സീറ്റ് – ‘പാലക്കാട്’. ഇതോടെ രാഷ്ട്രീയകേരളം മുഴുവൻ പാലക്കാട്ടേക്ക് ഉറ്റുനോക്കാൻ തുടങ്ങി. എന്നാൽ, ചിത്രം മാറിമറിഞ്ഞു. ഷാഫി ആദ്യമായി ലീഡ് പിടിച്ചു, ‘ഒരു വോട്ടിന്.’പിന്നീടത് 178, 500, 1000, 1178, 2678 എന്നിങ്ങനെയായി. അവസാനം ഷാഫി ജയിക്കുമ്പോൾ 3859 ആയി. യുഡിഎഫ് ഭരണത്തിലുള്ള പിരായിരി പഞ്ചായത്തിൽ നിന്നു ലഭിച്ച ആറായിരത്തിലേറെ വോട്ടുകളുടെ ലീഡാണു ഷാഫിയുടെ ജയത്തിനു കാരണമായത്.