നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി.പ്രകാശിന്റെ മരണത്തിന് മണിക്കൂറുകൾ മുൻപെടുത്ത കുടുംബചിത്രം സമൂഹ മാധ്യമങ്ങളിൽ നൊമ്പരമാകുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ‘ഞാൻ തിരഞ്ഞെടുപ്പിനു നിന്ന് ചിരിച്ചു പഠിച്ചു. നിങ്ങളും ചിരിക്കണം’ എന്നാണ് പ്രകാശ് കുടുംബത്തോട് പറഞ്ഞത്. അങ്ങനെ എല്ലാവരും ചിരിക്കുന്ന കുടുംബ ചിത്രമായി അത് മാറി. തിരഞ്ഞെടുപ്പിൽ വിജയിച്ചുള്ള ഫലം വരുമ്പോൾ കുടുംബ സമേതമുള്ള ചിത്രം മാധ്യമങ്ങളിൽ വരണമെന്നുള്ള പ്രകാശിന്റെ ആഗ്രഹപ്രകാരമായിരുന്നു ചിത്രമെടുത്തത്.
കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വന്തം ആസ്തി സംബന്ധിച്ച ഭൂരിഭാഗം കോളങ്ങളിലും ‘ബാധകമല്ല’ എന്നേ വി.വി.പ്രകാശിന് എഴുതാനുണ്ടായിരുന്നുള്ളൂ. എടുത്തെഴുതാൻ മാത്രം സമ്പാദ്യങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് അടുത്തു പ്രവർത്തിച്ചിരുന്നവർ പറയുന്നു. ഭാര്യയുടെ പേരിലുള്ള, ഇനിയും അടവു തീർന്നിട്ടില്ലാത്ത കാറിൽ ‘എംഎൽഎ’ എന്ന ബോർഡ് വച്ച് തങ്ങളുടെ പ്രകാശേട്ടൻ സഞ്ചരിക്കുന്ന കാഴ്ച അടുപ്പമുള്ളവരെല്ലാം ആഗ്രഹിച്ചിരുന്നു.
ജില്ലയ്ക്കകത്തും പുറത്തുമുള്ള പല മണ്ഡലങ്ങളിലും 2001 മുതൽ സ്ഥാനാർഥിയായി ഉയർന്നു കേൾക്കാൻ തുടങ്ങിയതാണ് വി.വി.പ്രകാശിന്റെ പേര്. തിരഞ്ഞെടുപ്പ് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നിങ്ങനെ യോഗ്യതകൾ പലതും ഉണ്ടായിരുന്നു. പക്ഷേ, പലർക്കു വേണ്ടിയും വഴിമാറിക്കൊടുത്തു.
ഇത്തവണ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസമായിരുന്നു അദ്ദേഹം പങ്കുവച്ചിരുന്നത്. എന്നാൽ ഫലം വരുന്നതിനു രണ്ടുദിവസം മുൻപേ ആയിരുന്നു അപ്രതീക്ഷിത മരണം.