one-day-total

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഏഴ് വടക്കന്‍ ജില്ലകളില്‍ യു.ഡി.എഫിന് നേരിയ മുന്‍തൂക്കമെന്ന് മനോരമ ന്യൂസ് – വി.എം.ആര്‍ എക്സിറ്റ് പോള്‍ സര്‍വെഫലം. ആകെയുള്ള 73 സീറ്റുകളില്‍ 38 ഇടത്ത് യു.ഡി.എഫും 34 ഇടത്ത് എല്‍.ഡി.എഫും മുന്നിലെത്തുമെന്നാണ് സര്‍വെ പ്രവചനം. പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കുമ്പോള്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ യു.ഡി.എഫിന് അനുകൂലമായ വിധിയുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നു. മഞ്ചേശ്വരത്ത്  എന്‍.ഡി.എയ്ക്ക് നേരിയ മേല്‍ക്കൈ ലഭിക്കുമെന്നും സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

വിധിയെഴുത്തിന് ശേഷമുള്ള കാത്തിരിപ്പിലാണ് കേരളം. കോവിഡ് രണ്ടാംതരംഗത്തിന് മുന്നേ കേരളം കുറിച്ചുവച്ച വിധി. അതിലേക്കെത്താന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. നേട്ടമുയര്‍ത്തിയും കോട്ടങ്ങള്‍ അക്കമിട്ടു നിരത്തിയും വോട്ടര്‍മാരെ സമീപിച്ച മുന്നണികളും ആകാംക്ഷയിലാണ്. അന്തിമവിധിയുടെ പെരുമ്പറയ്ക്ക് മുമ്പ് നാട് കാത്തിരുന്ന  

ഏറ്റവും കൃത്യമായ സാധ്യതാചിത്രത്തിന്റെ ഫലങ്ങള്‍ പുറത്തുവരികയാണ്. മനോരമ ന്യൂസ് – വി.എം.ആര്‍ എക്സിറ്റ് പോളിന്റെ ആദ്യഘട്ടം വരച്ചിടുന്ന പൊതുചിത്രം തെളിയുമ്പോള്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മില്‍ നടന്നത് കനത്ത പോരാട്ടം. കേരളത്തിന്റെ ഏഴ് വടക്കന്‍ ജില്ലകളിലെ 73 സീറ്റുകളിലെ സാധ്യതാസൂചനകള്‍ തെളിയുമ്പോള്‍ യു.ഡി.എഫിന് നേരിയ മുന്‍തൂക്കം എന്നാണ് പ്രവചനം.  38 ഇടത്ത് യു.ഡി.എഫും 34 ഇടത്ത് എല്‍.ഡി.എഫും മഞ്ചേശ്വരത്ത് എന്‍.ഡി.എയും മുന്നിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.  

∙ കാസർകോട്

കടുത്ത രാഷ്ട്രീയ മല്‍സരത്തിന്റെ പ്രവചനാതീത സ്വഭാവം നിലനിര്‍ത്തിയാണ് മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നാമമാത്ര മേല്‍ക്കൈ നല്‍കുന്ന അഭിപ്രായ സര്‍വെ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്റഫുമായി കേവലം 0.6 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് കെ.സുരേന്ദ്രന് സര്‍വെ കല്‍പ്പിക്കുന്നത്. 

കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫിന് സാധ്യതയെന്നാണ് എക്സിറ്റ് പോളിലെ മറ്റൊരു കണ്ടെത്തല്‍. ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തുമെന്ന് പ്രവചിക്കപ്പെടുന്ന മണ്ഡലത്തില്‍ 11.7 ശതമാനത്തിന്റെ മേല്‍ക്കൈയാണ് യു.ഡി.എഫ് നേടുന്നത്. ഉദുമയില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയെന്നാണ് എക്സിറ്റ് പോള്‍ സര്‍വെയുടെ  പ്രവചനം. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റില്‍ യു.ഡി.എഫിന് 1.2 ശതമാനത്തിന്റെ നേരിയ ആധിപത്യമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.കാഞ്ഞങ്ങാട് മണ്ഡലത്തിലെ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് മറ്റൊരു കണ്ടെത്തല്‍. മന്ത്രി ഇ.ചന്ദ്രശേഖരന് എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം നേടാനാവുമെന്നും പ്രവചിക്കപ്പെടുന്നു.

ശക്തമായ രാഷ്ട്രീയ ബലാബലത്തിനൊടുവില്‍ തൃക്കരിപ്പൂരില്‍ നേരിയ വ്യത്യാസത്തില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ ലഭിക്കാനുള്ള സാധ്യതയാണ് എക്സിറ്റ് പോളില്‍ തെളിയുന്നത്. 1.20 ശതമാനത്തിന്റെ മേല്‍ക്കൈയാണ് ഇവിടെ എല്‍.ഡി.എഫിന് കല്‍പ്പിക്കപ്പെടുന്നത് 

∙കണ്ണൂർ

ഇടതുമുന്നണി ഉറ്റുനോക്കുന്ന കണ്ണൂരിലെ ആദ്യസൂചനയെത്തിയ പയ്യന്നൂരില്‍ 5.5 ശതമാനത്തിന്റെ മേല്‍ക്കൈയാണ് എല്‍.ഡി.എഫിന് പ്രവചിക്കുന്നത്. കല്യാശേരില്‍ എല്‍.ഡി.എഫിന് കാര്യമായ വെല്ലുവിളികളില്ലെന്നും ഫലസൂചനകള്‍ വ്യക്തമാക്കുന്നു. 23.5 ശതമാനം വോട്ടുകളുടെ സമഗ്രാധിപത്യമാണ് ഇവിടെ ഇടതുമുന്നണിക്ക് പ്രവചിക്കപ്പെടുന്നത്. 

തളിപ്പറമ്പിലും സമാനമായ രാഷ്ട്രീയ സാഹചര്യമാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രകടമാകുന്നത്. 16.9 ശതമാനം വോട്ടുകളുടെ മേല്‍ക്കൈ ഇവിടെ എല്‍.ഡി.എഫിന് പ്രവചിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ സ്വഭാവം ഇരിക്കൂര്‍ മണ്ഡലം ഇക്കുറിയും കൈവിടില്ലെന്ന സൂചനകളാണ് എക്സിറ്റ് പോള്‍ നല്‍കുന്നത്. എങ്കിലും ശക്തമായ രാഷ്ട്രീയപോരാട്ടത്തിന്റെ സൂചനയെന്നോണം യു.ഡി.എഫിന് ഇവിടെ 1.9 ശതമാനം വോട്ടുകളുടെ നേരിയ ആധിപത്യം മാത്രമാണ് പ്രവചിക്കപ്പെടുന്നത്. 

കേരളം ഉറ്റുനോക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ കെ.എം.ഷാജിക്ക് മേല്‍ക്കൈ പ്രവചിക്കുമ്പോഴും 1.5 ശതമാനത്തിന്റെ നേരിയ ആധിപത്യം മാത്രമാണ് പ്രവചിക്കുന്നത്. 

കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് അട്ടിമറി സ്വഭാവമുള്ള മുന്നേറ്റം നടത്താനുള്ള സാധ്യതകളാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കുമേല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി 3.6 ശതമാനത്തിന്റെ ആധിപത്യമാണ് എക്സിറ്റ് പോള്‍  പ്രവചനം. കാര്യമായ യാതൊരു വെല്ലുവിളികളും നേരിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലും എ.എന്‍.ഷംസീര്‍ തലശേരിയിലും മുന്നിലെത്തുമാണ് സര്‍വെയുടെ പ്രവചനം. കൂത്തുപറമ്പിലും എല്‍.ഡി.എഫിന് 6.3 ശതമാനം വോട്ടുകളുടെ ആധിപത്യം പ്രവചിക്കപ്പെടുന്നു. 

ഇടതുമുന്നണിക്ക് കഴി‍ഞ്ഞ നിയമസഭയില്‍ ഏറ്റവുമധികം ഭൂരിപക്ഷമുണ്ടായിരുന്ന മട്ടന്നൂരില്‍ മന്ത്രി കെ.കെ.ശൈലജ മുന്നിലെത്തുമെന്ന് സൂചന ലഭിക്കുമ്പോഴും  4.6 ശതമാനം വോട്ടുകളുടെ മേല്‍ക്കൈ മാത്രമാണ് പ്രവചിക്കപ്പെടുന്നത്. പേരാവൂരില്‍ ശക്തമായ മല്‍സരത്തിനൊടുവില്‍ യുഡിഎഫ് 3.90 % വോട്ടിന്റെ മേല്‍ക്കൈ നേടുമെന്നും സര്‍വെ പ്രവചിക്കുന്നു. 

11 മണ്ഡലങ്ങളുടെ കണ്ണൂരില്‍ എല്‍ഡിഎഫ് – 7ഉം   യുഡിഎഫിന് – 4 ഉം സീറ്റുകളാണ് എക്സിറ്റ് പോള്‍ പ്രവചനം. 

∙ വയനാട്

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളുടെ കണ്ടെത്തല്‍. മാനന്തവാടിയില്‍ മുന്‍മന്ത്രി പി.കെ.ജയലക്ഷ്മിക്ക് 0.4 ശതമാനം വോട്ടുകളുടെ നേരിയ ആധിപത്യമാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയിലെ സിറ്റിങ് സീറ്റ് 12.6 ശതമാനം വോട്ടുകളുടെ വ്യത്യാസത്തില്‍ യു.ഡി.എഫ് നിലനിര്‍ത്താനുള്ള സാധ്യതകളും ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  കല്‍പ്പറ്റയില്‍ ടി.സിദ്ദീഖിന് അനുകൂലമായ ജനവികാരമുണ്ടായെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു

∙ കോഴിക്കോട്

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ വടകര മണ്ഡലത്തില്‍ യു.ഡി.എഫ് പിന്തുണയോടെ മല്‍സരിച്ച ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ.രമ മുന്നിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. 2 ശതമാനം വോട്ടുകളുടെ ആധിപത്യം രമ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുമേല്‍ നേടുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. കുറ്റ്യാടിയിലെ സിറ്റിങ് സീറ്റില്‍ യു.ഡി.എഫ് കടുത്ത മല്‍സരം നേരിട്ടുവെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. സിറ്റിങ് സീറ്റില്‍ 1.10 ശതമാനത്തിന്റെ മാത്രം ലീഡാണ് യു.ഡി.എഫിന് കല്‍പ്പിക്കപ്പെടുന്നത്. ഇവിടെ 9.1 ശതമാനം വോട്ടുകള്‍ നേടിയ മറ്റുകക്ഷികളുടെ പ്രകടനം അന്തിമഫലത്തില്‍ നിര്‍ണായകമാകുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. 

നാദാപുരത്ത് യു.ഡി.എഫ് അട്ടിമറി സ്വഭാവമുള്ള മുന്നേറ്റം നടത്തുമെന്നാണ് മറ്റൊരു കണ്ടെത്തല്‍. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫിന് 2.8 ശതമാനത്തിന്റെ ആധിപത്യമാണ് ഇവിടെ പ്രവചിക്കപ്പെടുന്നത്. കൊയിലാണ്ടിയിലും സമാനമായ ഒരു മുന്നേറ്റം യു.ഡി.എഫ് നടത്തുമെന്നാണ് സര്‍വെ നല്‍കുന്ന ഫലസൂചന. കേവലം ഒരു ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയാണ് ഇവിടെ യു.ഡി.എഫിനുള്ളത്.

പേരാമ്പ്രയില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കാര്യമായ വെല്ലുവിളികളില്ലാതെ മുന്നിലെത്താനുള്ള സാധ്യതകള്‍ എക്സിറ്റ് പോള്‍ വരച്ചുകാട്ടുന്നു. ബാലുശേരിയില്‍ യു.ഡി.എഫിനായി മല്‍സരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഒരു ശതമാനം വോട്ടിന്റെ മേല്‍ക്കൈയോടെ അട്ടിമറി മുന്നേറ്റം നടത്തുമെന്ന പ്രവചനമാണ് ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ഫലസൂചന. 

എലത്തൂരില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ കാര്യമായ വെല്ലുവിളികളില്ലാതെ മുന്നേറ്റം നടത്തുമെന്നും  എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് മികച്ച ലീഡുനേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. യു.ഡി.എഫിനേക്കാള്‍ 13.9ശതമാനം വോട്ടുകളുടെ ആധിപത്യം മണ്ഡലം മുന്‍ മേയര്‍ക്ക് നല്‍കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 

കോഴിക്കോട് സൗത്തില്‍ യു.ഡി.എഫിന്റെ നൂര്‍ബിന റഷീദ് 17.7 ശതമാനം വോട്ടുകളുടെ വ്യത്യാസത്തില്‍ മുന്നിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. കേട്ടുകേള്‍വികളെ തകിടം മറിച്ച് ഇവിടെ എന്‍.ഡി.എ രണ്ടാംസ്ഥാനത്ത് എത്താനുള്ള സാധ്യതയും ഫലസൂചനകള്‍ വരച്ചുകാട്ടുന്നു. 

ബേപ്പൂര്‍ മണ്ഡലത്തില്‍ യു.ഡിഎഫ് 3.1 ശതമാനം വോട്ടുകള്‍ക്ക് മുന്നിലെത്തുമെന്നാണ് എക്സിറ്റ് പോളിന്റെ മറ്റൊരു പ്രവചനം. കുന്ദമംഗലം മണ്ഡലത്തില്‍ എല്‍.ഡി.എഫിനുമേല്‍ യു.ഡി.എഫിന്റെ അട്ടിമറി മുന്നേറ്റസാധ്യതയും സര്‍വെ പ്രവചിക്കുന്നു. 5.3 ശതമാനം വോട്ടുകളുടെ മേല്‍ക്കൈ നേടിയാണ് യു.ഡി.എഫിന്റെ മുന്നേറ്റമെന്നും എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു. കൊടുവള്ളിയില്‍ എല്‍.ഡി.എഫ് നേരിയ മേല്‍ക്കൈയോടെ മുന്നിലെത്തുമെന്നാണ് മറ്റൊരു പ്രവചനം. യു.ഡി.എഫിന്റെ എം.കെ.മുനീറിനേക്കാള്‍ ഒരു ശതമാനം വോട്ടുകളുടെ മാത്രം ആധിപത്യത്തോടെ കാരാട്ട് റസാഖ് മണ്ഡലം നിലനിര്‍ത്താനുള്ള സാധ്യതയാണ് അഭിപ്രായസര്‍വെ വരച്ചുകാട്ടുന്നത്.  

തിരുവാമ്പാടിയില്‍ യു.ഡി.എഫിന് 9.5 ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലുള്ള അട്ടിമറി മുന്നേറ്റ സാധ്യയുണ്ടെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നടത്തുന്ന പ്രവചനം. 

കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളില്‍ യു.ഡി.എഫിന്റെയും നാലിടത്ത് എല്‍.ഡി.എഫിന്റെയും വിജയം സര്‍വെ പ്രവചിക്കുന്നു. 

∙ മലപ്പുറം

മലപ്പുറം കൊണ്ടോട്ടി  12.7 ശതമാനം വോട്ടുകളുടെ സമഗ്രാധിപത്യത്തോടെ യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഏറനാട് മണ്ഡലവും 10.8‌ ശതമാനം വോട്ടുകളുടെ മേല്‍ക്കൈനേടി യു.ഡി.എഫിനൊപ്പം തുടരുമെന്നും പ്രവചനം ചൂണ്ടിക്കാട്ടുന്നു. നിലമ്പൂരില്‍ അന്തരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് 11.8 ശതമാനം വോട്ടുകളുടെ ശക്തമായ ആധിപത്യത്തോടെ മുന്നിലെത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. വണ്ടൂരിലും മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും യു.ഡി.എഫ് മുന്നേറ്റം തന്നെയാണ് പ്രവചിക്കപ്പെടുന്നത്. മങ്കടയില്‍ ശക്തമായ മല്‍സരത്തിന് ഒടുവില്‍ 2.9 ശതമാനം വോട്ടുകളുടെ മേല്‍ക്കൈയോടെ യു.ഡി.എഫ് മുന്നിലെത്തുമെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. മലപ്പുറം മണ്ഡലത്തിലും വെല്ലുവിളികളില്ലാത്ത മുന്നേറ്റം യു.ഡി.എഫ് കാഴ്ചവയ്ക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. വേങ്ങരയിലേക്ക് തിരിച്ചെത്തിയ പി.കെ.കു‍ഞ്ഞാലിക്കുട്ടി വെല്ലുവിളികളില്ലാത്ത മുന്നേറ്റം നടത്തുമെന്നാണ് സര്‍വെയുടെ മറ്റൊരു കണ്ടെത്തല്‍. കനത്തമല്‍സരത്തെ അതിജീവിച്ച് വള്ളികുന്നില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്നാണ് മറ്റൊരു പ്രവചനം. തിരൂരങ്ങാടിയില്‍ കെ.പി.എ മജീദ് ശക്തമായ രാഷ്ട്രീയ മല്‍സരം നേരിടുന്നു എന്നാണ് സര്‍വെഫലങ്ങള്‍ നല്‍കുന്ന സൂചന. മണ്ഡലത്തില്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെടുമ്പോഴും വോട്ടുവ്യത്യാസം കേവലം 2 ശതമാനം മാത്രമാണെന്നത് മല്‍സരതീവ്രത വ്യക്തമാക്കുന്നതാണ്. 

താനൂരില്‍ യു.ഡി.എഫിലെ പി.കെ.ഫിറോസ് അട്ടിമറി സാധ്യതയുള്ള  മുന്നേറ്റം നടത്തുമെന്ന പ്രവചനമാണ് എക്സിറ്റ് പോള്‍ സര്‍വെ നടത്തുന്നത്. 3.1 ശതമാനം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ളത്. മലപ്പുറത്ത്  മറ്റിടങ്ങളില്‍ മുന്നേറ്റം പ്രവചിക്കുമ്പോഴും തിരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പിന്നിലാകുമെന്നാണ് പ്രവചനം.6 ശതമാനം വോട്ടുകളുടെ ആധിപത്യത്തോടെ എല്‍.ഡി.എഫ് മണ്ഡലത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വെ നല്‍കുന്ന ഫലസൂചന. 

കോട്ടയ്ക്കല്‍ മണ്ഡലം 7.8 ശതമാനം വോട്ടുകളുടെ മേല്‍ക്കൈയോടെ യു.ഡി.എഫ് നിലനിര്‍ത്താനുള്ള സാധ്യതയും സര്‍വെ പ്രവചിക്കുന്നു. 

കേരളം ഉറ്റുനോക്കുന്ന തവനൂര്‍ മണ്ഡലത്തില്‍ മുന്‍മന്ത്രി കെ.ടി.ജലീലിനുമേല്‍ യു.ഡി.എഫിലെ ഫിറോസ് കുന്നുംപറമ്പില്‍ 0.4 ശതമാനം  വോട്ടുവ്യത്യാസത്തോടെ മുന്നേറ്റം നടത്തുമെന്നാണ് സര്‍വെയുടെ മറ്റൊരു പ്രവചനം. പൊന്നാനി മണ്ഡലം 6.7 ശതമാനം വോട്ടുകളുടെ വ്യത്യാസത്തോടെ എല്‍.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ മുന്നേറ്റം നടത്തുമെന്നും സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയില്‍ പതിനാറില്‍ 14 ഇടത്തും യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ വരച്ചിടുന്ന രാഷ്ട്രീയ ചിത്രം 

∙ പാലക്കാട്

പാലക്കാട് ജില്ലയും കേരളവും ഉറ്റുനോക്കുന്ന നെന്മാറയില്‍ എല്‍.ഡി.എഫിലെ എം.ബി.രാജേഷിനേക്കാള്‍ 6.2 ശതമാനം വോട്ടുകളുടെ വ്യത്യാസത്തോടെ യു.ഡി.എഫിലെ വി.ടി.ബല്‍റാം രാഷ്ട്രീയ മുന്നേറ്റം നടത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. പട്ടാമ്പിയില്‍ എല്‍.ഡി.എഫും 4.2 ശതമാനം വോട്ടുകളുടെ വ്യത്യാസത്തോടെ കുതിപ്പ് തുടരും. 

ഷൊര്‍ണൂരില്‍ 8.6 ശതമാനം വോട്ടുകളുടെ മേല്‍ക്കൈയോടെ എല്‍.ഡി.എഫ് ശക്തമായ നേട്ടമുണ്ടാക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടെന്നും എക്സിറ്റ്പോള്‍ ഫലസൂചനകള്‍ വ്യക്തമാക്കുന്നു. മണ്ണാര്‍ക്കാട്ട് മണ്ഡലം കാര്യമായ വെല്ലുവിളികള്‍ നേരിടാതെ യു.ഡി.എഫ് നിലനിര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മലമ്പുഴയില്‍ എല്‍.ഡി.എഫ് മുന്നേറ്റം പ്രവചിക്കപ്പെടുമ്പോള്‍ എന്‍.ഡി.എ രണ്ടാംസ്ഥാനത്ത് എത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എന്‍.ഡി.എ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്ന പാലക്കാട് മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. 4.8 ശതമാനം വോട്ടിന്റെ ആധിപത്യത്തോടെയാണ് യു.ഡി.എഫിന്റെ മുന്നേറ്റമെന്നും ഫലം വ്യക്തമാക്കുന്നു. തരൂരിലും ആലത്തൂരിലും എല്‍.ഡി.എഫിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ചിറ്റൂരില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുന്നേറ്റം നടത്തുമെന്നും നെന്മാറയില്‍ എല്‍.ഡി.എഫ് 12.1 ശതമാനം വോട്ടുകളുടെ ആധിപത്യത്തോടെ നേട്ടമുണ്ടാക്കുമെന്നും സര്‍വെഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട് ജില്ലയിലെ പന്ത്രണ്ടില്‍ ഒന്‍പതിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും നേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

∙ തൃശൂർ

തൃശൂര്‍ ചേലക്കരയില്‍ എല്‍.ഡി.എഫ് ആധികാരികമായ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. കുന്നംകുളം മണ്ഡലം മന്ത്രി എ.സി.മൊയ്തീന്‍ നിലനിര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുവായൂരില്‍ 5.7 ശതമാനം വോട്ടുകളുടെ വ്യത്യാസത്തോടെ എല്‍.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ മുന്നേറ്റമുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നു. മണലൂര്‍, ഒല്ലൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കാനുള്ള സാധ്യതയും അഭിപ്രായസര്‍വെ പറഞ്ഞുവയ്ക്കുന്നു. വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് 1.1 ശതമാനം വോട്ടുകളുടെ നേരിയ മേല്‍ക്കൈയോടെ മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വെ പ്രവചിക്കുന്നു. തൃശൂരില്‍ യു.ഡി.എഫും – എന്‍.ഡി.എയും തമ്മില്‍ അതിശക്തമായ മല്‍സരം നടക്കുന്നതായാണ് എക്സിറ്റ് പോള്‍ നല്‍കുന്ന ഫലസൂചന. 2.4 ശതമാനം വോട്ടുകളുടെ നേരിയ വ്യത്യാസത്തില്‍ യു.ഡി.എഫ് മണ്ഡലം പിടിച്ചെടുക്കാനുള്ള സാധ്യതയും സര്‍വെഫലങ്ങള്‍ വരച്ചിടുന്നു. നാട്ടികയിലും കൈപ്പമംഗലത്തും എല്‍.ഡി.എഫിന്റെ ആധികാരിക മുന്നേറ്റസാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 

ജില്ലയിലെ ഏറ്റവും ശക്തമായ മല്‍സരം നടക്കുന്നത് ഇരിങ്ങാലക്കുടയിലാണ്. ഇവിടെ 0.1 ശതമാനം വോട്ടിന്റെ മാത്രം വ്യത്യാസത്തില്‍ യു.ഡി.എഫ് മുന്നിലെത്തുമെന്നാണ് പ്രവചനം. പുതുക്കാടും ചാലക്കുടിയും കൊടുങ്ങല്ലൂരും എല്‍.ഡി.എഫിലുള്ള വിശ്വാസം നിലനിര്‍ത്തുമെന്നും അഭിപ്രായ സര്‍വെ പറഞ്ഞുവയ്ക്കുന്നു. തൃശൂരിലെ 13 ല്‍ പത്തിടത്ത് എല്‍ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിക്കുമെന്നാണ് അന്തിമചിത്രം.