കോവിഡ് പിടിമുറുക്കുമ്പോള്‍ സുരക്ഷിതമാക്കേണ്ട കുറച്ച് ജീവിതങ്ങള്‍ കൂടിയുണ്ട് നമുക്ക് ചുറ്റിലും. മഹാമാരിക്ക് നടുവിലും തെരുവില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍. കോവിഡ് പരിശോധനയെ കുറിച്ചോ വാക്സിനേഷനെ കുറിച്ചോ ഒന്നും അറിവില്ലെങ്കിലും നേരിയ മുഖാവരണങ്ങള്‍ കൊണ്ട് വൈറസിനെ പ്രതിരോധിക്കാന്‍ ഇവരില്‍ ചിലരെങ്കിലും ശ്രമിക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ മെട്രോ നഗരത്തിന്റെ തെരുവീഥികളില്‍ കഴിഞ്ഞ രാത്രി ഞങ്ങള്‍ കണ്ട കാഴ്ചകളിലൂടെ.

 

വര്‍ക്കല സ്വദേശിയായ സുനില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അന്തിയുറങ്ങുന്നത് കൊച്ചിയുടെ തെരുവോരങ്ങളിലാണ്. വഞ്ചി സ്ക്വയറിലെ ഈ സ്റ്റേജില്‍ കൂട്ടായി കുറേപേര്‍ കൂടിയുണ്ട്. പകല്‍ നേരങ്ങളില്‍ നഗരത്തില്‍ കറങ്ങുന്നവര്‍ രാത്രി ഒന്‍പത് മണിയോടെ ഇവിടെയെത്തും. തലചായ്ക്കാനായി. കോവിഡെന്ന മഹാമാരിയുടെ കാഠിന്യത്തെ കുറിച്ച് ഇവര്‍ക്കെല്ലാം നല്ല ബോധ്യമുണ്ട്. പക്ഷേ വാക്സീനെ കുറിച്ച് അറിവില്ല. തെരുവില്‍ കഴിയുന്നവരില്‍ കോവിഡ് പരിശോധന നടത്താറുണ്ടെന്ന് അധികൃതര്‍ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കില്‍ കഴിഞ്‍ രാത്രിയില്‍ കൊച്ചിയുടെ തെരുവില്‍ ഞങ്ങള്‍ കണ്ട് മുട്ടിയ ഇവരാരും പരിശോധനയ്ക്ക് വിധേയരായവരല്ല. നാളെ കുറിച്ചുള്ള ആശങ്കയും ആധിയുമില്ലാത്ത ഈ മനുഷ്യര്‍ക്ക് കോവിഡിനേയും ഭയമില്ല.

 

കോവിഡ് പ്രതിരോധം ഫലപ്രദമാകണമെങ്കില്‍ പരിശോധനകളിലും, വാക്സിനേഷനിലും ഇവരെ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായേ മതിയാകൂ.