മധ്യകേരളത്തിലെ മിക്ക ജില്ലകളിലും കടുത്ത നിയന്ത്രണങ്ങളോട് പൊതുവില്‍ ജനങ്ങള്‍ സഹകരിച്ചെങ്കിലും കൊച്ചിയില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് പൊലീസിനെ വലച്ചു. പല ജില്ലകളിലും കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തതിന് പുറമെ പൊലീസ് ഫൈനും ചുമത്തി.
ലോക്ഡൗണിന് സമാനമാണ് ഇന്നത്തെയും നാളത്തെയും സ്ഥിതിയെന്ന അറിയിപ്പുണ്ടായിട്ടും കൊച്ചി നഗരത്തിലേക്കുള്ള വാഹനങ്ങളുടെ വരവില്‍ ഒരു കുറവുമുണ്ടായില്ല. പരിശോധന ശക്തമായിരുന്നെങ്കിലും ബഹുഭൂരിപക്ഷം വാഹനയാത്രക്കാരും സത്യവാങ്മൂലവുമായി എത്തിയതോടെ പൊലീസ് നിസ്സഹായരായി. ഇതിനിടയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച ടാക്സികള്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. കടവന്ത്രയില്‍ കൂട്ടംകൂടിയ ഇതരസംസ്ഥാന തൊഴിലാളികളെ മുന്നറിയിപ്പ് നല്‍കി പൊലീസ് പിരിച്ചുവിട്ടു. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും തിരക്കുണ്ടായില്ല. കോട്ടയം ജില്ലയിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ പൊലീസ് പരിശോധന കർശനമാക്കി. മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയ അൻപതിലേറെ പേർക്കെതിരെ കേസെടുത്തു. യാത്രക്കാരുടെ എണ്ണം കുറവായിട്ടും ജില്ലയില്‍ അറുപത് ശതമാനത്തിലേറെ കെഎസ്ആർടിസി സർവീസുകൾ നടന്നപ്പോള്‍ സ്വകാര്യബസുകളും സർവീസ് വളരെ ചുരുങ്ങി.
ഇടുക്കിയിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാണ്. വനപാതകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആലപ്പുഴയിലും ലോക്ഡൗണിന് സമാനമായ സ്ഥിതിയോട് ജനം അങ്ങേയറ്റം സഹകരിച്ചു. കെ.എസ്്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. തൃശൂരില്‍ പുരം കഴിഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും കടുപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാത്ത നിരവധിപേര്‌ക്കെതിരെ പൊലീസ് കേസെടുത്തു.