thirssur-pooram-vilambaram

തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പൂരവിളംബരം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ െതക്കേഗോപുര വാതില്‍ തുറന്ന് നൈതലക്കാവ് ഭഗവതി പുറത്തോട്ടിറങ്ങി. ഗോപുരത്തിനു മീതെ നിന്നുള്ള പുഷ്പ വൃഷ്ടിയില്‍ രാജകീയമായി കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കോട്ടിറങ്ങി. നൈതലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനുള്ള നിയോഗം ശിവകുമാറിനായിരുന്നു. കൂടിനിന്ന തട്ടകക്കാര്‍ ആര്‍പ്പുവിളികളോടെ കൈകള്‍ കൂപ്പി ഭഗവതിയെ വണങ്ങി. തുമ്പിക്കൈ ഉയര്‍ത്തി തട്ടകക്കാരെ വണങ്ങി ഭഗവതി നിലപാട് തറയിലേക്ക് നീങ്ങി. പിന്നെ, സ്വന്തം തട്ടകത്തേയ്ക്കു മടങ്ങി. 

 

പൂരദിനത്തില്‍ വടക്കുന്നാഥനെ വണങ്ങാന്‍ എത്തുന്ന കണിമംഗലം ശാസ്താവിന് പ്രവേശിക്കാനാണ് തെക്കേഗോപുര വാതില്‍ തുറക്കുന്നത്. നൈതലക്കാവ് ഭഗവതി മണികണ്ഠനാല്‍ ആല്‍ത്തറയില്‍ എത്തിയപ്പോള്‍ പാണ്ടിമേളം തുടങ്ങി. ഒന്നരമണിക്കൂര്‍ നീണ്ട പാണ്ടിമേളത്തില്‍ ഇരുപതിലേറെ വാദ്യകലാകാരന്‍മാര്‍ പങ്കെടുത്തു.

 

നാളെ ഒരാനപ്പുറത്ത് എട്ടുഘടകക്ഷേത്രങ്ങളും എഴുന്നള്ളും. തിരുവമ്പാടിയുടെ മഠത്തിലേയ്ക്കുള്ള വരവും ഒരാനപ്പുറത്താണ്. പാറമേക്കാവിലമ്മ ഉച്ചയ്ക്ക് പതിനഞ്ചാനപ്പുറത്ത് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. പിന്നെ, ഇലഞ്ഞിത്തറമേളം. കുടമാറ്റമില്ല. വെടിക്കെട്ട് പുലര്‍ച്ചെ. പൊതുജനങ്ങള്‍ക്ക് ആര്‍ക്കും പ്രവേശനമില്ല. സ്വരാജ് റൗണ്ടും പൂരപറമ്പും ആളൊഴിയും.