തൃശൂര്‍ പൂരത്തിന് തെക്കേഗോപുര വാതില്‍ തുറക്കാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനു പകരം എറണാകുളം ശിവകുമാര്‍. കൊച്ചിന്‍ ദേവസ്വത്തിന്റെ മികച്ച ആനയാണിത്.
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഇങ്ങനെ തെക്കേഗോപുരം തുറന്ന് ഈ വര്‍ഷം വരില്ല. ആനയെ എഴുന്നള്ളിക്കുന്നതില്‍ നിന്ന് വനംവകുപ്പ് വിലക്കിയതാണ് കാരണം. പകരം, കൊച്ചിന്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്‍ എറണാകുളം ശിവകുമാര്‍ വരും. കേരളത്തിലെ നാടന്‍ ആനകളില്‍ തലയെടുപ്പുള്ള ആനകളിലൊന്നാണ് ഈ കൊമ്പന്‍. നല്ല അനുസരണയുള്ള ആനയാണ്. ആനപ്രേമികളുടെ പ്രിയപ്പെട്ടവന്‍. കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി പൂരത്തലേന്ന് തെക്കേഗോപുര വാതില്‍ തുറന്നിടുന്നതാണ് ചടങ്ങ്. പിറ്റേന്ന്, കണിമംഗലം ശാസ്താവിന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണിത്. പൂരത്തലേന്നത്തെ ചടങ്ങ് ആദ്യകാലങ്ങളില്‍ അധികം ജനപങ്കാളിത്തം ഉണ്ടാകാറില്ല. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍റെ സാന്നിദ്ധ്യമായിരുന്നു ഈ ചടങ്ങിനെ ഇത്രയും ജനകീയമാക്കിയത്. ശിവകുമാറിന്റെ വരവ് ഗംഭീരമാകുമെന്നാണ് ആനപ്രേമികളുടെ അഭിപ്രായം.
പൂരത്തിന് ഇനി രണ്ടാഴ്ച മാത്രം. പൂര പന്തലുകള്‍ ഉയര്‍ന്ന് തുടങ്ങി. പൂരം പ്രദര്‍ശന നഗരിയും നാളെ തുറക്കും. കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം വെറും ചടങ്ങ് മാത്രമായി പൂരം മാറിയിരുന്നു. ഇക്കുറി, മുന്‍വര്‍ഷങ്ങളിലേതു പോലെ പൂരം നടത്താനാണ് തീരുമാനം.