അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയതില്‍ ക്രമക്കേടെന്ന ആരോപണം തള്ളി കെഎസ്ഇബി ചെയര്‍മാന്‍. അദാനിയുമായി കെ.എസ്.ഇ.ബിയ്ക്ക് കരാറില്ല; സോളര്‍ എനര്‍ജി കോര്‍പറേഷനുമായാണ് കരാര്‍. യൂണിറ്റിന് 2.82 രൂപ എന്നത് 10 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും കുറഞ്ഞ നിരക്കെന്നും ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. വൈദ്യുതി വാങ്ങല്‍ നയം കേന്ദ്രസര്‍ക്കാരിന്റേതാണ്. നിരക്ക് നിശ്ചയിച്ചത് റഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറെന്ന് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണം. 25 വര്‍ഷത്തേക്ക് കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങാനാണ് നീക്കം. 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ ലോകത്ത് ഒരിടത്തുമില്ല. 8850 കോടിയുടെ കരാറില്‍ അദാനിക്ക് 1000 കോടിയിലേറെ രൂപയാണ് ലാഭം. കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങുന്നത് യൂണിറ്റിന് രണ്ടു രൂപ 82 പൈസ നിരക്കിലാണ്. 'മറ്റ് സ്രോതസുകളില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് ഒരു രൂപയാണ് നിരക്ക്. കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ അഴിമതിയെന്ന ആരോപണം വസ്തുതാവിരുദ്ധമെന്ന് വൈദ്യുതി ബോര്‍ഡും വ്യക്തമാക്കുന്നു. ഈ വര്‍ഷം മാർച്ചിൽ അദാനി ഗ്രീൻ എനർജിയുമായി കരറില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. അങ്ങനെയൊരു കരാര്‍ ഒപ്പിട്ടിട്ടില്ല. എന്നാല്‍ 2019 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കാറ്റാടി, സോളാര്‍ എന്നിങ്ങനെ അക്ഷയ ഊര്‍ജ മേഖലകളിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് എസ്ഇസിഐ. കരാറിന്റെ വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന് അനുവദിച്ചിട്ടുള്ള വിഹിതം വാങ്ങുന്നതിനപ്പുറം ഒരു കരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി ഏര്‍പ്പെട്ടിട്ടില്ലെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചു.