ഓരോ മണിയും ചേര്‍ത്ത് കെട്ടുമ്പോള്‍ പൊട്ടരുതെന്ന പ്രാര്‍ഥന പോലെ ജീവിതവും സൂക്ഷ്മതയോടെ ചേര്‍ത്തുകെട്ടുന്ന ചിലരുണ്ട് കൊച്ചി വരാപ്പുഴയിലെ കൂനമ്മാവില്‍. ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ കൊന്ത കോര്‍ക്കലെന്ന തൊഴിലിന് ഒരു യൂണിറ്റ് വേണമെന്നാണ് ഈ തിരഞ്ഞെടുപ്പ് കാലത്തും കൂനമ്മാവിലെ വീട്ടമ്മമാര്‍ ആവശ്യപ്പെടുന്നത് .
അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു തൊഴില്‍മേഖലയുണ്ട് കൊച്ചിയില്‍. കൊന്തമാല കൊരുക്കലിന് പ്രശസ്തമാണ് കൂനമാവ്. കൂനമാവിലെ ഓരോ വീടുകളിലും കൊന്ത കൊരുക്കുന്ന ഓരാളെങ്കിലുമുണ്ടാകും. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കോര്‍ക്കുന്ന കൊന്തമാലകള്‍ ഏജന്റ് വഴി ഉത്തരേന്ത്യയിലേക്ക് കയറ്റിയക്കും. കൊന്ത കോര്‍ക്കുന്ന എല്ലാവരെയും കൂട്ടി ഒരു യൂണിറ്റെന്ന കൂനമാവ് സ്വദേശികളുടെ സ്വപ്നം പിറന്നിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോഴും സ്വപ്നം മാത്രമായി ഇതവശേഷിക്കുകയാണ്. കൊന്ത കൊരുക്കല്‍ ഉപജീവനമാക്കിയവര്‍ക്ക് കോവിഡ് കാലം തിരിച്ചടിയാവുകയായിരുന്നു. ലോക്ഡൗണിന്റെ പ്രത്യാഘാതത്തില്‍ നിന്ന് ഇതുവരെ ഇവര്‍ കരകയറിയിട്ടില്ല.
കോര്‍ക്കുന്ന കൊന്തകള്‍ മുഴുവനായി ഒരുമിച്ച് കയറ്റിയയച്ചാല്‍ സാമ്പത്തികായി ലാഭം കൂടുതലുണ്ടാക്കാം. സര്‍ക്കാര്‍ സഹായത്തോടെ ചെറിയൊരു യൂണിറ്റ് തുടങ്ങാനുള്ള ധനസഹായം പല തവണ ആവശ്യപ്പെട്ടെങ്കിലും ഇത് വരെ ലഭിച്ചിട്ടില്ല. ഏത് സ്ഥാനാര്‍ഥി ജയിച്ചാലും ഒന്നിച്ച് കൊന്ത കോര്‍ക്കാനൊരു യൂണിറ്റാണ് ഇവരുന്നയിക്കുന്ന പ്രധാന ആവശ്യം