തൃശൂരിലെ വാദ്യപ്രേമികളെ ഹരംകൊളളിച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മേളം. പത്തു വര്‍ഷത്തിനു ശേഷമാണ് വടക്കുന്നാഥ സന്നിധിയില്‍ മട്ടന്നൂര്‍ പാണ്ടിമേളം കൊട്ടുന്നത്. 

വടക്കുന്നാഥ ക്ഷേത്രത്തിലെ കലശദിനത്തോടനുബന്ധിച്ചായിരുന്നു മേളം. രണ്ടു മണിക്കൂര്‍ നീണ്ട പാണ്ടിമേളത്തിന്റെ പ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയായിരുന്നു. നൂറിലേറെ വാദ്യകലാകാരന്‍മാര്‍ തീര്‍ത്ത വാദ്യവിസ്മയം ആസ്വാദകര്‍ ഹൃദയത്തിലേറ്റു വാങ്ങി. 2010ലാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അവസാനമായി തൃശൂരില്‍ മേളം കൊട്ടിയത്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനു വേണ്ടി അന്ന്, മേളം കൊട്ടിയ ശേഷം വലിയൊരു ഇടവേള വന്നു. കിഴക്കൂട്ട് അന‍ിയന്‍മാരാരായിരുന്നു പിന്നെ തിരുവമ്പാടിയുടെ മേളപ്രമാണി. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രിയവാദ്യകലാകാരന്‍ വീണ്ടും പൂരനഗരയില്‍ എത്തിയത് കാണാന്‍ നിരവധി പേരെത്തി.

പാണ്ടിയുടെ രൗദ്രതാളം നിറഞ്ഞു നിന്ന മേളം ആസ്വാദകരുടെ കൈവിരലുകളെ ആഘോഷത്തിമിര്‍പ്പിലാക്കി.