സിപിഎമ്മിൽ നിന്ന് പുറത്താക്കിയ ശേഷം തലശ്ശേരി രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് സി.ഒ.ടി.നസീർ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം സ്വതന്ത്ര സ്ഥാനാർഥിയായി നിന്ന് ചെറു ചലനവുമുണ്ടാക്കുകയാണ് നസീർ. എന്നാൽ, വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയിൽ ബിജെപി പിന്തുണ സ്വീകരിക്കാനുള്ള നസീറിന്റെ നീക്കം ഏറെ ചർച്ച ചെയ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിപ്പോയതോടെയാണ് നസീറിനെ പിന്തുണയ്ക്കാൻ എൻഡിഎ തീരുമാനിച്ചത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. എന്നാൽ, പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പേ ബിജെപി പിന്തുണ വേണ്ടെന്നും അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനത്തിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് നസീർ മനോരമ ന്യൂസ് ഡോട്കോമുമായി സംസാരിച്ചു.
ബിജെപിയുമായി ചേർന്നുപോകാനുള്ള തീരുമാനം ഏത് ഘട്ടത്തിലായിരുന്നു..?
ബിജെപിയുമായി പിന്തുണ സ്വീകരിക്കാനുള്ള നിലപാട് പ്രവർത്തകരിൽ വളരെ മാനസിക പ്രശ്നമുണ്ടാക്കി. പത്ര സമ്മേളനം വിളിച്ച സമയത്താണ് പിന്തുണ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി വോട്ടും സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ അതിൽ തെറ്റില്ല. എന്നാൽ, പിന്തുണ സ്വീകരിക്കുമെന്ന് പറഞ്ഞ നിലപാടിലാണ് തെറ്റുപറ്റിയത്. അതുകൊണ്ടാവാം ബിജെപി നേതൃത്വം അത്തരത്തിൽ ഒരു നീക്കത്തിലേക്ക് കടന്നതും. എന്നാൽ പാർട്ടിക്കുള്ളിൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നലുണ്ടായപ്പോഴാണ് തിരുത്താൻ തീരുമാനിച്ചത്. രണ്ട് ദിവസമായി തലശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. പാർട്ടി വളരുമ്പോൾ ഈ കൂട്ടുകെട്ട് വളരെ അപകടമുണ്ടാക്കും. എല്ലാവരുടെയും വോട്ട് സ്വീകരിക്കാമെന്നായിരുന്നു തുടക്കത്തിലെ പാർട്ടി നിലപാട്.
എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു നിലപാട് മാറ്റം..?
ബിജെപിയുടെ പ്രത്യയശാസ്ത്രവുമായി ഞാൻ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന് യോജിച്ച് പോകാൻ പറ്റില്ല. ഒരിക്കൽ തെറ്റുപറ്റി. അതുകൊണ്ട് തന്നെ അത് ആവർത്തിക്കാൻ ഇനിയില്ല.
ബിജെപിയുടെ പേരിന് മാത്രമുള്ള പിന്തുണ വേണ്ടെന്ന് പറഞ്ഞിരുന്നല്ലോ, എന്താണ് അങ്ങനെ പറയാൻ കാരണം..?
പെട്ടെന്നുള്ള തീരുമാനമായിരുന്നു ബിജെപി പിന്തുണ സ്വീകരിക്കാനുള്ള തീരുമാനം. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ നമ്മുടെ പ്രത്യയശാസ്ത്രം മുന്നോട്ടു പോകണം. അതിനായി ഒരു സഖ്യത്തിന് ശ്രമിച്ചു. എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ ആ തീരുമാനം തെറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ തിരുത്തുന്നു. എന്നാൽ, തലശ്ശേരിയിലെ ബിജെപി പ്രവർത്തകർ ആവശ്യത്തിന് പിന്തുണ നൽകിയിരുന്നു.
തുടക്കത്തിൽ ഈ പ്രത്യയശാസ്ത്രത്തെപ്പറ്റി ചിന്തിച്ചിരുന്നില്ലേ..?
തുടക്കത്തിൽ പാർട്ടിക്കപ്പുറം വൈകാരികമായി ആണ് ഇത്തരം പ്രശ്നങ്ങളെ സമീപിച്ചത്. എന്നെ കൊല്ലാൻ ശ്രമിച്ച എ.എൻ.ഷംസീർ എംഎൽഎയ്ക്ക് എതിരെ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ. അതൊരു വ്യക്തിപരമായ പ്രശ്നമായി മാത്രമാണ് ഞാൻ കാണാൻ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് ഏത് തലത്തിൽ നിന്നുള്ള പിന്തുണ സ്വീകരിക്കാമെന്ന നയത്തിലേക്ക് എത്തിയത്. എന്നാൽ പിന്നീടാണ് നീക്കം ശരിയായ ദിശയിലേക്കല്ല എന്ന് മനസ്സിലായത്.
തലശ്ശേരിയിൽ മത്സരം സിപിഎമ്മിന് എതിരെയാണോ..? എ.എൻ.ഷംസീറിനെതിരെയാണോ..?
ആരെയും ഉന്മൂലനം ചെയ്ത് രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകണമെന്ന് കരുതുന്ന ഷംസീറിനെ പോലുള്ള വരെ മത്സരിപ്പിക്കുന്ന പാർട്ടി നയത്തിനെതിരെ കൂടിയാണ് എന്റെ മത്സരം. തലശ്ശേരിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് എന്റെ മത്സരം. ഇവിടെ വേണ്ട വിധം ഇതുവരെ വികസനമില്ല. ഇവിടെ നിന്ന് ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ഉണ്ടായതാണ്. ജനങ്ങൾക്ക് വേണ്ടി സംസാരിച്ചതിനും, അഴിമതി പുറത്തു കൊണ്ടുവരുന്നതിന്റെ പേരിലാണ് ഞാൻ പാർട്ടിയിൽ നിന്ന് പുറത്താകുന്നത്. ഒരുപാട് പ്രവർത്തകർ ചേർന്ന ഒരു സിസ്റ്റമാണ് പാർട്ടി, എന്നാൽ ഇപ്പോൾ കുറച്ചുപേർ മാത്രം ചേർന്ന് പാർട്ടി എന്ന പേരിൽ നടക്കുകയാണ്. ഒരുപാട് രക്തസാക്ഷികളും സഖാക്കളുടെ ത്യാഗവും ഈ പാർട്ടിക്ക് പിന്നിലുണ്ട്. 2015ൽ മെബർഷിപ്പ് പോയിരുന്നെങ്കിലും, 2017 വരെ പാർട്ടി പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
എന്ത് തരം വേറിട്ട രാഷ്ട്രീയമാണ് താങ്കൾ മുന്നോട്ട് വയ്ക്കുന്നത്..?
സമാന്തര രാഷ്ട്രീയമാണ് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് ഭയപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യമാണ്. യഥാർഥ വിഷയത്തിൽ നിന്ന് ജനങ്ങളെ മാറ്റിനിർത്തുകയാണ്. ജനോപകാരപ്രദമായ വിഷയങ്ങൾ ചർച്ചയാകുന്നേയില്ല. വികസനം തീരെ ചർച്ചയാകുന്നില്ല. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത രാഷ്ട്രീയ അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നത്. എന്ത് അക്രമം ന്യായീകരിക്കാൻ പാർട്ടികൾക്ക് ഒരു സംഘം തന്നെയുണ്ട്. വിമർശനം കേൾക്കുമ്പോൾ അസഹിഷ്ണുതയുള്ള സമൂഹമായി മാറി. പ്രകൃതിയുടെയും മനുഷ്യന്റെയും രാഷ്ട്രീയമാണ് എന്റേത്.
എൻഡിഎ അല്ലാതെ മറ്റാരെങ്കിലും സമീപിച്ചിരുന്നോ..?
ഇല്ല. മറ്റു പാർട്ടികളിൽപെട്ടവരുടെയും, നിക്ഷ്പക്ഷരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ സഖ്യത്തിനായി ആരും സമീപിച്ചിട്ടില്ല. തലശ്ശേരി മാറാൻ, വികസനം വരാൻ ആഗ്രഹിക്കുന്നവരുടെ വോട്ട് സ്വീകരിക്കും.
ബിജെപി പിന്തുണ വേണ്ടെന്നുള്ള നിലപാട് കോൺഗ്രസിനെ സഹായിക്കും എന്ന് കരുതുന്നുണ്ടോ..?
അത്തരം ഒരു പ്രയോഗിക രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സുതാര്യമായ നിലപാടിനോടാണ് താൽപര്യം.