heart-transplantaton

കൊച്ചി ലിസി ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. കന്യാകുമാരി അഗസ്തീശ്വരം സ്വദേശിയായ അരവിന്ദിന്റെ ഹൃദയം ഇനി കായംകുളം സ്വദേശി സൂര്യനാരായണനില്‍ സ്പന്ദിക്കും . ശസത്രക്രിയക്ക് ശേഷം സൂര്യനാരായണന്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 

എല്ലാപ്രതീക്ഷകളും അസ്തമിച്ച നിമിഷങ്ങള്‍ കടന്ന് ജീവിതത്തിന്റെ പുതുതീരമണഞ്ഞ ആശ്വാസത്തിലാണ്  സൂര്യനാരായണനും കുടുംബവും . അതിന് പിന്നില്‍  കന്യാകുമാരി അഗസ്തീശ്വരം സ്വദേശി അരവിന്ദിന്റെ കുടുംബത്തിന്റെ ഉറവറ്റാത്ത കണ്ണീരുണ്ട് . ഈ വാക്കുകളിലുണ്ട് തീര്‍ത്താല്‍ തീരാത്ത ആ കടപ്പാടിന്റെ സ്മരണ 

മൂന്നുമണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ ഇന്നലെ രാത്രി 9 മണിയോടെയാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇരുപത്തിയഞ്ചുകാരനായ അരവിന്ദിന്റെ ഹൃദയം ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചത്. അടിയന്തരമായി അവയവം മാറ്റിവയ്ക്കേണ്ട മൃതസഞ്ജീവനിയുടെ ലിസ്റ്റില്‍ സൂര്യനാരായണനുള്‍പ്പെട്ടിരുന്നു. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം ബാധിച്ച അരവിന്ദന്റെ ഹൃദയം പ്രാഥമിക പരിശോധനയില്‍ സൂര്യനാരായണന് യോജ്യമാകുമെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹൃദയം ദാനം ചെയ്യാന്‍ അരവിന്ദിന്റെ മാതാപിതാക്കള്‍ സമ്മതം മൂളുകയായിരുന്നു. ഹൃദയം മാത്രമല്ല അരവിന്ദിന്റെ കരളും വൃക്കകളും ദാനം നല്‍കിയിരുന്നു.