ഏറ്റുമാനൂർ: വാഹന ഇടപാടുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ ചുണ്ടകാട്ടിൽ സതീശ് കുമാർ (തമ്പി–54) ആണ് മരിച്ചത്. തോർത്ത് കഴുത്തിൽ കെട്ടി കാറിനുള്ളിലെ പിടിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായർ പുലർച്ചെ 1.30ന് ഏറ്റുമാനൂർ - പട്ടിത്താനം മണർകാട് ബൈപാസ് റോഡിൽ കെഎൻബി ജംക്‌ഷന് സമീപം പട്രോളിങ് പൊലീസുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

 

കാറിന്റെ സീറ്റ് പിന്നിലേക്ക് വലിച്ചുവച്ച നിലയിലായിരുന്നു. കാറിനുള്ളിൽ വിഷക്കുപ്പിയും കണ്ടെത്തി. വാഹന കച്ചവടവും സാമ്പത്തിക ഇടപാടുകളും  നടത്തിവന്നിരുന്നയാളാണ് സതീശ് കുമാറെന്നു പൊലീസ് പറഞ്ഞു. നേരത്തെ സ്പിരിറ്റ് കടത്തു കേസിലും പ്രതിയായിട്ടുണ്ട്. ആത്മഹത്യയാണെന്ന് ഡിവൈഎസ്പി എം.അനിൽകുമാർ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീല. മക്കൾ: ശ്രീജിത്ത്, അഭിജിത്ത്.