aluva

കോവിഡ് നിയന്ത്രണങ്ങളോടെ ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷവും ബലിതർപ്പണവും നടന്നു. പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ബലിതർപ്പണം ചടങ്ങുകൾക്കും പിതൃതർപ്പണത്തിനും തിരക്കുണ്ടായില്ല.

പിതൃപുണ്യം തേടിയെത്തുന്ന പതിനായിരങ്ങളുടെ തിക്കും തിരക്കുമില്ലെങ്കിലും ഭക്തിനിർഭരമായിരുന്നു ആലുവ മണപ്പുറത്തെ കാഴ്ചകൾ. പുലർച്ചെ നാലിന് ഔദ്യോഗികമായി തർപ്പണം തുടങ്ങി. പരികർമികൾ മന്ത്രോച്ചാരണങ്ങളോടെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പുഴയിൽ മുങ്ങിക്കുളിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. ബാക്കിയെല്ലാം സുഗമമായി തന്നെ പുരോഗമിച്ചു. അഞ്ചു സെക്ടറുകളായി തിരിച്ച് ഓരോന്നിലും ഒരേ സമയം ഇരുന്നൂറുപേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത് എന്നിയവരെ ക്യു ആർ കോഡ് പരിശോധിച്ചശേഷമാണ് തുടക്കത്തിൽ മണപ്പുറത്തേക്ക് കടത്തിവിട്ടത്. എന്നാൽ ബുക്ക് ചെയ്തവരുടെ എണ്ണം എണ്ണായിരത്തിൽ ഒതുങ്ങിയതോടെ ബുക്ക് ചെയ്യാത്തവർക്കും ബലിതർപ്പണം നടത്താമെന്ന് അധികൃതർ അറിയിച്ചു. ലക്ഷാർച്ചന ഒഴികെയുള്ള പൂജകൾ ക്ഷേത്രത്തിൽ നടന്നു.

അമാവാസിയുടെ ഭാഗമായി നാളെ ഉച്ചവരെയും ബലിതർപ്പണം നടത്താം. ശിവരാത്രിയോട് അനുബന്ധിച്ചുള്ള പതിവ് വ്യാപാര മേളയടക്കം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.