കുണ്ടറ: മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ മകൾ അനുപമയാണ് മരിച്ചത്. 

 

കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത്: ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ദിവ്യ വീടിന്റെ കതക് തുറന്നില്ല. തുടർന്ന് മറ്റു ബന്ധുക്കളെയും അയൽവാസികളേയും കൂട്ടിയെത്തുകയായിരുന്നു. വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ട കാഴ്ച കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതായിരുന്നു. ഉടൻ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

 

പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന്റെ നൂലുകെട്ട് ദിനത്തിലായിരുന്നു ദിവ്യയുടെ ആത്മഹത്യശ്രമം. കുഞ്ഞിനെ നോക്കാൻ ഒരാളെ വച്ചിരുന്നു. പിന്നീട് ഇവരെ പറഞ്ഞു വിട്ടു. 

കുഞ്ഞിന്റെ മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.