തൃശൂർ പൂരം പ്രദർശനത്തിന് ഇനിയും അനുമതി കിട്ടിയില്ല. ഇതോടെ, തൃശൂർ പൂരം നടത്താൻ ദേവസ്വങ്ങൾക്ക് സാമ്പത്തികമായി കഴിയില്ല. പൂരം പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് ജില്ലാ കലക്ടർ യോഗം വിളിച്ചിട്ടുണ്ട്.  

തൃശൂർ പൂരം പ്രൌഢഗംഭീരമായി നടത്താൻ വലിയ ചെലവുണ്ട് ദേവസ്വങ്ങൾക്ക്. ഈ ചെലവത്രയും പിരിഞ്ഞു കിട്ടുന്നത് പൂരം പ്രദർശനത്തിൽ നിന്നാണ്. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന പൂരം പ്രദർശനത്തിന് ഇക്കുറി അനുമതി നൽകിയിട്ടില്ല. കോവിഡ് മാനദണ്ഡങ്ങളാണ് തടസം. ഒട്ടേറെ സ്റ്റാളുകളും വിനോദോപാധികളുമായി പൂരം പ്രദർശനം സജീവമായി നടക്കാറുണ്ട്. പ്രദർശന നഗരിയിലെ സ്റ്റാളുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്തുകയാണ് പതിവ്. ഇങ്ങനെ, സ്റ്റാളിന്റെ വാടകയിനത്തിൽ കിട്ടുന്ന തുകയാണ് ദേവസ്വങ്ങളുടെ പ്രധാന വരുമാനം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയാണ് പൂരം പ്രദർശനത്തിന്രെ നടത്തിപ്പുകാർ. കൊച്ചിൻ ദേവസ്വം ബോർഡിനും ലാഭത്തിലെ ഒരുവിഹിതം നൽകാറുണ്ട്. ജില്ലാഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണമാണ് തടസം. പൂരം പ്രദർശനം നടന്നില്ലെങ്കിൽ പൂരം കെങ്കേങ്കേമമായി നടത്താനും കഴിയില്ല. ദേശക്കാർ നിരാശയിലാണ്. തൃശൂർ പൂരത്തിന്റെ വികാരം ഉദ്യോഗസ്ഥർ മനസിലാക്കണമെന്നാണ് ദേവസ്വം ഭാരവാഹികൾക്ക് പറയാനുള്ളത്.

പൂരം പതിവുപോലെ പതിനഞ്ചാനകളേയും അണിനിരത്തി നടത്തണമെന്നാണ് ദേവസ്വങ്ങളുടെ തീരുമാനം. ആളുകളെ വേണമെങ്കിൽ നിയന്ത്രിച്ചോളൂ. പൂരം പതിവുപോലെ നടക്കണമെന്ന പൊതുവികാരമാണ് നാട്ടിലുള്ളത്. ഇതു തിരിച്ചറിഞ്ഞാകണം ജില്ലാഭരണകൂടം പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.