കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു വർഷം പതിനാല് പിന്നിട്ടു. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ യു.പി.സ്കൂളിലെ പതിനഞ്ചു വിദ്യാർത്ഥികളും മൂന്നു അധ്യാപകരുമാണ് അന്ന് മുങ്ങി മരിച്ചത്.
2007 ഫെബ്രുവരി 20 അംഗമാലിക്കാർക്ക് മറക്കാനാകാത്ത ദിവസമാണ്. തട്ടേക്കാട് തടാകത്തിൽ പതിനെട്ടു ജീവനുകൾ പൊലിഞ്ഞ ദിവസം. എളവൂർ യു.പി.സ്കൂളിലെ ലിസി, ശ്രീദേവി, ആനി എന്നീ അധ്യാപികമാരും പതിനഞ്ചു കുരുന്നുകളുമാണ് അന്ന് മരിച്ചത്.
രണ്ടു ബസുകളിലായി നൂറു കുട്ടികളും ഒൻപതു അധ്യാപകരുമാണ് സ്കൂൾ അങ്കണത്തിൽ നിന്നും വിനോദയാത്ര പുറപ്പെട്ടത്. കോടനാട് ആന വളർത്തൽ കേന്ദ്രംവും ഇരിങ്ങോൾ കാവും ഭൂതത്താൻക്കെട്ടും സന്ദർശിച്ച ശേഷം വൈകിട്ട് നാലു മണിയോടെ തട്ടേക്കാട് എത്തിയ സംഘം മൂന്നു ബോട്ടുകളിലായി തടാകത്തിലിറങ്ങി. തടാകം ചുറ്റി മടങ്ങവേ പിന്നിലായിരുന്നു ബോട്ടിന്റെ അടിയിലാണ് വിള്ളലുണ്ടായത്, കയ്യിലുണ്ടായിരുന്ന പാത്രങ്ങൾ ഉപയോഗിച്ച് വെള്ളം കോരികളായാൽ കുട്ടികൾ ശ്രമിച്ചു എന്നാൽ കരയ്ക്കടുക്കാൻ പത്തടി മാത്രമുള്ളപ്പോൾ ബോട്ട് മുങ്ങാൻ തുടങ്ങി. നാല്പതോളം കുട്ടികളെ നീന്തൽ അറിയാവുന്ന അധ്യാപകർ രക്ഷപെടുത്തി.
ഇതിനിടെ തല കീഴായി മറിഞ്ഞ ബോട്ടിനടിയിൽ പെട്ട പതിനഞ്ച് വിദ്യാർത്ഥികളും മൂന്നു അധ്യാപികമാരുമാണ് മരിച്ചത്. ഉല്ലാസയാത്രയ്ക്ക് പോയ പതിനെട്ടുപേർ പിറ്റേന്ന് ആംബുലൻസുകളിൽ സ്കൂൾ അങ്കണത്തിൽ തിരിച്ചെത്തിയപ്പോൾ എളവൂർ ഗ്രാമം കണ്ണീർത്തടാകമായി മാറി. അവരുടെ ഓർമദിനത്തിൽ സെന്റ് ആന്റണീസ് പള്ളിയിൽ ദിവ്യബലി നടന്നു..മരണമടഞ്ഞവരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. അധ്യാപകരും പൂർവ വിദ്യാർഥികളും ജനപ്രതിനിധികളും പങ്കെടുത്തു.