beenachiwb

വയനാട് ബീനാച്ചിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തിന് കൈമാറുന്ന എസ്റ്റേറ്റ് വന്യജീവി പുനരധിവാസ കേന്ദ്രമാക്കി പ്രഖ്യാപിച്ച് സഫാരി പാര്‍ക്ക് ആക്കണമെന്ന ആവശ്യം ഉയരുന്നു. അഞ്ഞൂറ്റി നാല്‍പതേക്കര്‍ തോട്ടമാണ് കേരളത്തിന് ലഭിക്കുന്നത്.

കല്‍പറ്റ ബത്തേരി ദേശീയപാതയ്ക്കരികിലാണ് ബീനാച്ചി എസ്റ്റേറ്റുള്ളത്. ഇത് വിട്ടു നല്‍കണമെന്ന വര്‍ഷങ്ങളായുള്ള കേരളത്തിന്റെ അപേക്ഷയില്‍ കഴി‍ഞ്ഞദിവസമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തത്. വന്യജീവി പുനരധിവാസ കേന്ദ്രമാക്കാന്‍ മാത്രം അനുയോജ്യമായ ഭൂമി വയനാട്ടിലെവിടെയും ഇനി ലഭിക്കാനില്ലെന്നാണ് നിഗമനം. കൂടിവരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനൊപ്പം ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിനും മുതല്‍ കൂട്ടാകും സഫാരി പാര്‍ക്ക്.

എസ്റ്റേറ്റിലെ നിലവിലെ ആവാസ വ്യവസ്ഥ തകര്‍ക്കാതെയും നാട്ടുകാര്‍ക്ക് ഉപകാര പ്രദമാകുംവിധം പദ്ധതി നടപ്പാക്കാനും സാധിക്കുമെന്നതാ‍ണ് പ്രത്യേകത.