കൊല്ലം: ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലമല്ലെന്നു പാമ്പു വിദഗ്ധൻ വാവ സുരേഷ് കോടതിയിൽ മൊഴി നൽകി. 30 വർഷത്തിനിടയിൽ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടിൽനിന്ന് അണലിയെ പിടിക്കാൻ ഇടവന്നിട്ടില്ലെന്നും പറഞ്ഞു. വീടിനുള്ളിൽ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം.മനോജ് മുൻപാകെ മൊഴി നൽകി.
പറക്കോട്ടെ കിണറ്റിൽ വീണ പാമ്പിനെ രക്ഷപ്പെടുത്താൻ എത്തിയപ്പോൾ ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞു. അതിൽ സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയിൽ കയറി കടിക്കില്ലെന്നും അപ്പോൾത്തന്നെ അവരോടു പറഞ്ഞു. പിന്നീട് ഉത്രയുടെ വീടു സന്ദർശിച്ചപ്പോൾ, മൂർഖൻ സ്വാഭാവികമായി ആ വീട്ടിൽ കയറില്ല എന്നു മനസ്സിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂർഖനും കടിച്ചിട്ടുണ്ട്.
മൂർഖന്റെയും അണലിയുടെയും കടികൾക്കു സഹിക്കാൻ പറ്റാത്ത വേദനയാണ്. ഉറങ്ങിക്കിടക്കുന്നവർക്കു പോലും ആ വേദന സഹിക്കാനാകില്ലെന്നും വാവ സുരേഷ് മൊഴി നൽകി. 51-ാം സാക്ഷി അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവറും മൊഴി നൽകി. അടൂർ പറക്കോടുള്ള വീട്ടിൽ അണലിയെയും അഞ്ചലിൽ ഉത്രയുടെ വീട്ടിൽ മൂർഖനെയും കണ്ടതു പാമ്പുകളുടെ സ്വാഭാവികമായ രീതിയിൽ അല്ലെന്ന് മൊഴി നൽകി