munnar-snow-fall

കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് മൂന്നാര്‍. കണുപ്പുകാലത്ത് അതിസുന്ദരിയാകുന്ന മൂന്നാർ ഇപ്പോൾ കൊടും കുളിരിൽ മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ്. കുറഞ്ഞ താപനില പൂജ്യത്തിലേക്ക് എത്തിയതോടെ തേയിലത്തോട്ടങ്ങളും മലനിരകളും കൂടുതൽ സുന്ദരിയായി. 

സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തിൽ താഴെ എത്തിയിരുന്നത്. ഇക്കുറി ഈ മാസം അവസാനമാണ് അതിശൈത്യമെത്തിയത്. 

ഇന്നലെ പുലർച്ചെ മൂന്നാർ ടൗൺ, നല്ലതണ്ണി, ചെണ്ടുവരൈ, സൈലന്റ്‌വാലി എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഒന്ന് മുതൽ 3 ഡിഗ്രി വരെയായിരുന്നു മറ്റു സമീപ എസ്റ്റേറ്റുകളിലെ താപനില. പുൽമേടുകളും മൊട്ടക്കുന്നുകളും പുലർച്ചെ മഞ്ഞു പുതച്ച നിലയിലായിരുന്നു. താപനില പൂജ്യത്തിലും താഴ്ന്നതോടെ തോട്ടം മേഖലയിലും മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. വഴിയോരങ്ങളിൽ പാർക്ക്‌ ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിൽ കട്ടിയിൽ മഞ്ഞ്‌ വീണുകിടന്നിരുന്നു. 

കാഴ്ചകളും കാലാവസ്ഥയും ആസ്വദിക്കുവാനായി നിരവധിപേരാണ് മൂന്നാറിലേക്ക് യാത്ര തിരിക്കുന്നത്.