തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരുമയോടെ മുന്നോട്ട് പോകാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് സുന്നി യുവജന സംഘം സംസ്ഥാന നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയെന്ന് യൂത്ത് ലീഗ് നേതാക്കള്‍. യുവ പണ്ഡിത നേതൃത്വം നടത്തിയ വിമർശനങ്ങൾ ഉൾക്കൊണ്ടെന്നും പരസ്പരം പഴി ചാരി നിൽക്കേണ്ട സമയമല്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചു. മോദി ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും സാമൂഹ്യമായി പാർശ്വവൽക്കരിക്കാനും ശ്രമിക്കുമ്പോൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ് വായിക്കാം:
സുന്നി യുവജന സംഘം സംസ്ഥാന നേതൃത്വവുമായി ഇന്ന് ചർച്ച നടത്തി. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ പുരോഗതിയിൽ മുസ്‌ലിം ലീഗ്, സമസ്ത എന്നീ പ്രസ്ഥാനങ്ങളുടെ സുദൃഢമായ ബന്ധം വഹിച്ച പങ്ക് അവിതർക്കമാണ്. മോദി ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനും സാമൂഹ്യമായി പാർശ്വവൽക്കരിക്കാനും ശ്രമിക്കുമ്പോൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ടത് ഏറ്റവും അനിവാര്യമാണ്.
വിശ്വാസപരമായ വിഷയങ്ങളിൽ പോലും ഭരണകൂട ഇടപെടലുകൾ നടക്കുമ്പോൾ പണ്ഡിത നേതൃത്വത്തിന്റെ ഉപദേശ നിർദ്ധേശമനുസരിച്ച് മുന്നോട്ടു പോകേണ്ടതുണ്ട്. അതിനാൽ പൂർവ്വകാല നേതാക്കളുടെ പാത പിൻപറ്റി പരസ്പരം ആശയവിനിമയം നടത്താനും യോജിച്ച് മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ SYS നേതാക്കളായ ബഹു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, SKSSF ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ടി.പി.അഷറഫലി,ഷൗക്കത്തലി കരുവാരകുണ്ട് എന്നിവർ പങ്കെടുത്തു.
ഫിറോസിന്റെ കുറിപ്പ് ഇങ്ങനെ:
സുന്നി യുവജന സംഘം സംസ്ഥാന നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പരസ്പരം ഉള്ളു തുറന്നു സംസാരിച്ചു. യുവ പണ്ഡിത നേതൃത്വം നടത്തിയ വിമർശനങ്ങൾ ഉൾക്കൊണ്ടു. മതപരമായ വിഷയങ്ങളിൽ പണ്ഡിത നേതൃത്വത്തിന്റെ അഭിപ്രായങ്ങൾ മാനിക്കണമെന്നത് അംഗീകരിച്ചു.
പരസ്പരം പഴി ചാരി നിൽക്കേണ്ട സമയമല്ലിത്. മോദി ഇന്ത്യയിൽ പൗരത്വം പോലും മതത്തിന്റെ പേരിൽ നിർണ്ണയിക്കപ്പെടുന്ന കാലമാണ്. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെടുകയല്ല ഭരണഘടന തന്നെ മാറ്റി എഴുതപ്പെടുന്ന ഇന്ത്യയായി നമ്മുടെ രാജ്യം മാറിയിരിക്കുന്നു. മുൻഗാമികളുടെ പാത പിൻ പറ്റി ഒരുമിച്ച് മുന്നോട്ടു പോകേണ്ട ഏറ്റവും അനിവാര്യമായ സമയമാണിത്. സമുദായത്തിനകത്തും സമുദായങ്ങൾ തമ്മിലും യോജിപ്പിന്റെ ഇടങ്ങളും കൂടുതൽ ഉണ്ടാവേണ്ടതുണ്ട്. അതിനായി ഒറ്റക്കെട്ടായി നിൽക്കാനാണ് നമ്മൾ തീർച്ചയായും ശ്രമിക്കേണ്ടത്.