Ganesh-Congress-01

കരിങ്കൊടികാണിച്ചവരെ കൈയ്യേറ്റം ചെയ്തതിന് കെ.ബി.ഗണേഷ്കുമാറിനെതിരെ സമരം ശക്തമാക്കി കോൺഗ്രസ്. കൊല്ലം ജില്ലയിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. അതേസമയം കൊട്ടാരക്കരയിലെ കോൺഗ്രസ് ഓഫിസിലേക്ക് കേരളകോൺഗ്രസ് ബിയും മാർച്ച് നടത്തി.

 

കെ.ബി.ഗണേഷ്കുമാറിനെതിരായ കോൺഗ്രസിൻ്റെ പ്രതിഷേധം തുടരുകയാണ്. കൊല്ലം നഗരത്തിലും പത്തനാപുരത്തും ഉൾപ്പടെ വിവിധ ഇടങ്ങളിൽ സമരം നടന്നു. സമരം അവസാനിപ്പിച്ചില്ലെങ്കിൽ അതേ രീതിയിൽ മറുപടി നൽകുമെന്ന് കേരള കോൺഗ്രസ് ബി ജില്ലാ നേതൃത്വം പ്രതികരിച്ചു.

 

പത്തനാപുരം പഞ്ചായത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമാണ്. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് മേഖലയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം വെട്ടിക്കവലയിൽ എം.എൽ.എയെ കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസുകാരെ അനുയായികൾ കൈകാര്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം  ജാമ്യത്തിലിറങ്ങിയ പ്രദീപ് കോട്ടാത്തലയുടെ നേത്യത്വത്തിലായിരുന്നു മർദനം.