അവഗണനയുടെ ഒരു ചരിത്രം കൂടിയുണ്ട് കുണ്ടന്നൂർ മേൽപാലത്തിന്. കോവിഡും മറ്റു പ്രതിസന്ധികളും തരണം ചെയ്തു പാലം യാഥാർഥ്യമാകുമ്പോൾ പൂവണിയുന്നത് ഏറെക്കാലത്തെ വികസന സ്വപ്നം കൂടിയാണ്. 

വൈറ്റില മേൽപാലത്തിന്റെ പണി തുടങ്ങിയ ഘട്ടത്തിൽ കുണ്ടന്നൂരിൽ മേൽപാല നിർമാണം ആരംഭിച്ചിരുന്നില്ല. കോടതിയിലെ കേസായിരുന്നു കാരണം. കുണ്ടന്നൂരിനെ അവഗണിച്ചതിൽ വലിയ പ്രതിഷേധമാണ് അന്ന് ഉയർന്നത്. വിവിധ സംഘടനകൾ സമരമുറകളുമായി രംഗത്തെത്തിയിരുന്നു. കരിദിനം  ആചരിച്ചു. നിവേദനങ്ങൾക്കും കുറവുണ്ടായില്ല. അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ടു 2018 മാർച്ച് 31നു കല്ലിട്ടെങ്കിലും പണി തുടങ്ങിയതു 2018 ജൂൺ 5നാണ്.

പാലം തുറന്നു കൊടുക്കുമ്പോൾ ജംക്‌ഷനിലെ പഴയ കെട്ടിടം നീക്കം ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. വൈറ്റിലയിൽ നിന്നു മരടിലേക്കുള്ള ഫ്രീ ലെഫ്റ്റിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം ഒഴിയാൻ തയാറാണെന്ന് ഉടമ സമ്മതിച്ചിട്ടും അധികൃതർ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. കൊച്ചി–ധനുഷ്കോടി പാത തുടങ്ങുന്നിടത്താണു കെട്ടിടം.

കൊച്ചിയിലെ ആ വ്യാജ പ്രചാരണം

വൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന വ്യാജപ്രചാരണം നിർമാണഘട്ടത്തിൽ വലിയ വിവാദമായി. കാറിലിരുന്നു ചിത്രീകരിച്ച വിഡിയോയാണ് അനാവശ്യ വിവാദത്തിനു തുടക്കമിട്ടതെങ്കിലും മരാമത്ത്  വകുപ്പ് വേണ്ട വിശദീകരണം നൽകിയതോടെ അതു തണുത്തു. എന്നാൽ സമീപകാലത്തു വീണ്ടും ഇതേ ആക്ഷേപവുമായി മറ്റു ചിലരും രംഗത്തെത്തി. ഗതികെട്ട മരാമത്ത് വകുപ്പിനു പൊലീസിനെ സമീപിക്കേണ്ടി വന്നു.

ദൂരെ നിന്നു നോക്കുമ്പോൾ പാലവും മെട്രോ വയഡക്ടും അടുത്തായി തോന്നുമെങ്കിലും ഉയരമുള്ള ലോറികൾക്കും കടന്നുപോകാവുന്ന ക്ലിയറൻസ് പാലത്തിനും മെട്രോ വയഡക്ടിനുമിടയിലുണ്ടെന്നതാണു വാസ്തവം. നിശ്ചിത ഉയരത്തിൽ കൂടുതലുളള വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നതു തടയാനായി ഹൈറ്റ് ഗേജ് സ്ഥാപിച്ചതോടെ മുൻപ് ആക്ഷേപമുന്നയിച്ചവർ വീണ്ടും കളത്തിലിറങ്ങി. ഉയരമുള്ള വാഹനങ്ങൾക്കു പോകാമെങ്കിൽ എന്തിനാണു ഹൈറ്റ് ഗേജ് എന്നതായി അടുത്ത ചോദ്യം. വാഹനങ്ങൾ നിശ്ചിത ഉയരത്തിൽ കൂടുതൽ ലോഡുമായി പാലത്തിൽ പ്രവേശിക്കാതിരിക്കാനാണു ഹൈറ്റ് ഗേജെന്ന് അധികൃതർ പറഞ്ഞിട്ടും പലർക്കും വിശ്വാസം വന്നില്ല.

ദേശീയപാതകളിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (മോർത്ത്) മാനദണ്ഡങ്ങൾ പാലിക്കാതെ പാലം പണിയാൻ കഴിയില്ല. രാജ്യത്തു 4.75 മീറ്ററാണു വാഹനങ്ങളുടെ അനുവദനീയമായ ഉയരം. 5.5 മീറ്റർ ക്ലിയറൻസ് വൈറ്റില മേൽപാലത്തിലുണ്ട്. പരിധിയിൽ കവിഞ്ഞ് ഉയരമുളള അനധികൃത വാഹനങ്ങളോ യന്ത്രഭാഗങ്ങളുമായി വരുന്ന വാഹനങ്ങളോ ഉണ്ടെങ്കിൽ പാലത്തിനടിയിലൂടെ പോകാൻ സ്ഥലമുണ്ടായിട്ടും വിവാദത്തിനു കുറവില്ലായിരുന്നു. പാലത്തിനു താഴെയുള്ള റോഡിൽ 13 മീറ്റർ ഹൈറ്റ് ക്ലിയറൻസുണ്ട്. 5.5 മീറ്ററിൽ താഴെ ക്ലിയറൻസേ എംജി റോഡിലെ  മെട്രോ സ്റ്റേഷനുകൾക്കടിയിലുള്ളൂവെന്നിരിക്കെ വൈറ്റിലയിലെ വിവാദം അനാവശ്യമായിരുന്നു.