കോവിഡ് മഹാമാരിയിൽ മലയാളിക്ക് ഇപ്പോൾ ഒരു നഷ്ടം കൂടി. കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനും വിട പറഞ്ഞിരിക്കുകയാണ്. ചോര വീണ മണ്ണിൽ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ വിപ്ലവം സൃഷ്ടിച്ച് അനിലിന്റെ തൂലികയിൽ വിരിഞ്ഞത് നിരവധി ഹിറ്റുകളാണ്. അനില്‍ പനച്ചൂരാന്റെ മരണവാർത്ത മലയാളികളെ ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കവിയുടെ മരണത്തിൽ അനശോചിച്ചു.  

 

‘കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്,  കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക - സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു..’ മുഖ്യമന്ത്രി കുറിച്ചു.

 

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അന്ത്യം.  കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാവിലെ കുഴഞ്ഞു വീണ അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാത്രി എട്ടരയോടെയാണ് അന്ത്യം.