ഒന്നോ രണ്ടോ പടല കായ മാത്രം ഉണ്ടാകുന്ന ഏത്തവാഴക്കുല കൗതുകമാകുന്നു. ഇടുക്കി     മേരികുളം നിരപ്പേൽക്കട അനിൽ എം.വിജയന്റെ കൃഷിയിടത്തിലാണ് വ്യത്യസ്ത ഇനമായ മൂങ്കി ഏത്തവാഴ കൃഷി ചെയ്യുന്നത്. പടലകളുടെ എണ്ണം കുറവാണെങ്കിൽ തൂക്കത്തിലും ഗുണമേൻമയിലും മൂങ്കി ഏറെ മുന്നിലാണ്. കഴിഞ്ഞ ദിവസം അനിൽ വിളവെടുത്ത ഏത്തക്കുലയിൽ ഒരു പടലയിൽ 10 കായകൾ മാത്രമാണ് കായ ഉണ്ടായിരുന്നത്.

 

16 കിലോയോളമായിരുന്നു തൂക്കം. സാധാരണയായി 3 പടല വരെയാണ് ഇതിൽ കായ ഉണ്ടാകുന്നത്. 25 കിലോഗ്രാമിനു മുകളിൽ തൂക്കവുമുണ്ടാകും. ഒരു കായയ്ക്ക് ഒരു കിലോഗ്രാമിനു മുകളിൽ തൂക്കം ഉണ്ടാകുമെന്ന് അനിൽ പറയുന്നു. മുണ്ടക്കയം സ്വദേശിയായ സുഹൃത്തിൽനിന്നു ശേഖരിച്ച വിത്ത് ഉപയോഗിച്ച് അനിൽ 8 വർഷമായി കൃഷി ചെയ്യുന്നുണ്ട്. ഈ ഇനത്തിൽപെട്ട 50 വാഴകളുണ്ട്.

 

വിത്തിനായി ഒട്ടേറെ ആളുകൾ സമീപിക്കാറുണ്ടെന്നും അനിൽ പറയുന്നു. കുരുമുളക്, കപ്പ, പയർ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ 500 ചുവട് കപ്പ കൃഷിയിറക്കിയെങ്കിലും ഉരുൾപൊട്ടലിൽ ഭൂരിഭാഗവും നശിച്ചു. കൃഷിഭവൻ അധികൃതർ എത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. മുൻവർഷം കൃഷിനാശം ഉണ്ടായപ്പോഴും ധനസഹായം ലഭിച്ചില്ലെന്ന് അനിൽ പറയുന്നു.