'3 സെന്റ് കോളനിയിലാ ഞാൻ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എന്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റെ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്..' കേരളം ഏറ്റെടുക്കുന്ന വേദവാക്യമായി മാറുകയാണ് അടയ്ക്കാ രാജു എന്ന മനുഷ്യന്റെ വാക്ക്. അഭയ കേസിലെ വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ സൈബർ ലോകത്ത് വൈറലാവുകയാണ്. ട്രോളുകളിലും ഈ മനുഷ്യൻ നിറയുന്നു.
കേരളം കണ്ട ഏറ്റവും ‘സത്യസന്ധനായ കള്ളൻ’, ദൈവം കള്ളനായി അന്ന് അവതരിച്ചു.. അടയ്ക്കാ രാജുചേട്ടന് സല്യൂട്ട്.. എന്നിങ്ങനെയാണ് പതിറ്റാണ്ടുകൾ മുറുകെ പിടിച്ച സത്യത്തിന് സൈബർ ലോകം നൽകുന്ന അടിക്കുറിപ്പ്. കോടികൾ നൽകാമെന്ന് പറഞ്ഞ് വിലപേശിയിട്ടും അതിൽ വീഴാത സിസ്റ്റർ അഭയയെ സ്വന്തം മകളാണെന്ന് കണ്ട് സത്യത്തിന് വേണ്ടി ഉറച്ചുനിന്നു രാജു.
ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായി എത്തിയത് എന്നായിരുന്നു അഭയയ്ക്കായുള്ള പോരാട്ടത്തിന് ചുക്കാൻ പിടിച്ച ജോമോൻ പുത്തൻപുരക്കലിന്റെ പ്രതികരണം. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും മഠത്തില്‍ കണ്ടെന്നാണ് രാജു മൊഴി നൽകിയത്.
കൊലക്കുറ്റം തെളിഞ്ഞതായി തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രസ്താവിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. തെളിവ് നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരെന്നും കോടതി വിധിച്ചു. ഫാ.കോട്ടൂര്‍ കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി കണ്ടെത്തി. വിധി കേട്ട് പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. എന്നാൽ ദൈവം ഒപ്പമുണ്ട്, ഒന്നും പേടിക്കാനില്ല, നിരപരാധിയെന്നും ഫാ. കോട്ടൂര്‍ പ്രതികരിച്ചു. ഇരുവരെയും ജില്ലാ ജയിലിലേക്കു മാറ്റി.
പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു. 2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു. പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി.