കോവിഡിന് സമാനമായ ലക്ഷണങ്ങളോടെ കിഴക്കൻ മേഖലയിൽ വൈറൽ പനി പടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളാണ് വൈറൽപനിക്കും ഉള്ളത്. പ്രായഭേദമന്യേ എല്ലാവരിലും പടരുന്ന വൈറൽപനി കുട്ടികളിലും ഇവരെ പരിചരിക്കുന്ന മുതിർന്നവരേയുമാണ് ബാധിക്കുന്നത്. കോവിഡ് പിടിപെടാമെന്നു ഭയന്ന് മിക്കവരും ആശുപത്രികളിൽ എത്തി ചികിത്സ തേടാതെ സ്വയം ചികിത്സ നടത്തുകയാണ്.
പുനലൂർ നഗരസഭയിൽ കലയനാട്, മണിയാർ, അഷ്ടമംഗലം, കേളങ്കാവ് തുടങ്ങിയ വാർഡുകളിൽ ഒട്ടേറെപ്പേര വൈറൽപനി ബാധിച്ചു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ എസ്റ്റേറ്റ് മേഖലയിലും പനി പടരുന്നതായി റിപ്പോർട്ടുണ്ട്. ബുറേവി കൊടുങ്കാറ്റിനു ശേഷമുണ്ടായ കാലവസ്ഥ മാറ്റത്തിന് ശേഷമാണ് കൂടുതൽ ആളുകൾക്ക് പനി പിടിപെട്ടത്. പനി വ്യാപകമായ വാർഡുകൾ കേന്ദ്രീകരിച്ച് ഡോക്ടറുമാരുടെ സേവനത്തോടെ മൊബൈൽ പനി ക്ലിനിക്കുകൾ തുടങ്ങിയാൽ ജനങ്ങൾക്ക് വളരെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.