pradeep-accident-death

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്ത്. ‘പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണം.  അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച  വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്.  ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം.’ ചെന്നിത്തല ആവശ്യപ്പെട്ടു.

‘ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു.’  സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.