രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശരത് ജോഷും അഭിഭാഷകനായ വിനോദ് കുമാറും തമ്മിലുള്ള മത്സരം ശ്രദ്ധേയമാവുകയാണ്. കണ്ണൂര്‍ പായം പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട അധ്യാപകനും അഭിഭാഷകനും ഏറ്റുമുട്ടുന്നത്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറിയായ എം കെ ശരത് ജോഷ് വീടുകയറിയുള്ള വോട്ടഭ്യര്‍ഥനയിലാണ്. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ പത്താം വാര്‍ഡ് പിടിച്ചെടുക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ശരത് ജോഷിന് നല്‍കിയത്. രസതന്ത്രത്തില്‍ പി എച്ച് ഡിയും പിന്നീട് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും പൂര്‍ത്തിയാക്കിയ ശരത്, നിലവില്‍ താത്കാലിക അധ്യാപകനായി ജോലി ചെയ്യുന്നു. നാടിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് സ്ഥാനാര്‍ഥി പറയുന്നു.

അഭിഭാഷകനും സിപിഎം പായം ലോക്കല്‍ സെക്രട്ടറിയുമായ വിനോദ് കുമാര്‍ രണ്ടാം ഘട്ട പ്രചാരണ തിരക്കിലാണ്. യുവജന സംഘടനകളടക്കം വിനോദ് കുമാറിനായി സജീവമാണ്. പഞ്ചായത്ത് നടപ്പാക്കിയ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് വോട്ടഭ്യര്‍ഥന. സേവാ ഭാരതി പ്രവര്‍ത്തകനായ പ്രജീഷ് പ്രഭാകരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അട്ടിമറി വിജയം അവകാശപ്പെട്ടുള്ള പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്.