ep-post-pallarivattam

‘പാലാരിവട്ടത്ത് പുതിയ പാലം ഉയരുകയാണ്. കമ്പിയും സിമന്റുമെല്ലാം കൃത്യമായി ചേർത്ത്..’ പാലം പണിയുടെ ചിത്രം പങ്കുവച്ച് മന്ത്രി ഇ.പി ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പോസ്റ്റ്.

വി.കെ. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുള്ള നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച ശേഷമാണ് വിജിലന്‍സ് അറസ്റ്റ് നടപടികളിലേയ്ക്ക് കടന്നത്. ചികിത്സ ആവശ്യമായതിനാല്‍ അറസ്റ്റ് ചെയ്ത് കൊണ്ടു പോകാനാവില്ല എന്ന നിലപാടാണ് ഡോക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചികിത്സ പൂര്‍ത്തിയായ ശേഷമായിരിക്കും കസ്റ്റഡിയിലെടുക്കുക എന്നാണ് അറിയുന്നത്. ഇബ്രാഹിം കുഞ്ഞ് ഇന്നലെ രാത്രി മുതല്‍ കൊച്ചിയിലെ ആശുപത്രിയിലാണ്. 

പാലാരിവട്ടം പാലം നിർമാണത്തിന് മുൻകൂർ പണം നൽകിയത് ആർബിഡിസികെയുടെ അന്നത്തെ എംഡിയുടെ ശുപാർശയിൽ മന്ത്രിയുടെ ഉത്തരവിൻമേലാണെന്ന് പാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതി ചേർത്തത്. ഫെബ്രുവരിയിൽ മൂന്നു വട്ടം വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.