jayan

അനശ്വര നടൻ ജയൻ വിടപറഞ്ഞിട്ട് ഇന്നേക്ക് നാല്പതു വർഷം തികയുകയാണ്.  പക്ഷെ ഇന്നും ജ്വലിച്ചു നിൽക്കുകയാണ് ജയൻ എന്ന താരം.. മരണത്തിനിപ്പുറവും മലയാളികൾ ഇങ്ങനെ നെഞ്ചേറ്റിയ, ആവേശംകൊണ്ട  മറ്റൊരു നടനില്ല.ലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ. ഒറ്റവരിയിൽ വേണമെങ്കിൽ അങ്ങനെ വിശേഷിപ്പിക്കാം ജയൻ എന്ന താരത്തെ. ജയൻ വിടപറഞ്ഞിട്ട് 40 വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസം. അത്രയ്ക്കുണ്ട് ജയൻ തരംഗം,  അന്നും ഇന്നും.  പതിറ്റാണ്ടുകൾക്ക് ഇപ്പുറവും മലയാളിമനസ്സിൽ താരബിംബമാണ് ജയൻ. പൗരുഷത്തിന്റെ പ്രതീകം, ഓരോ കഥാപാത്രവും അത്രമേൽ ശക്തമായിരുന്നു

1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയൻ എന്ന കൃഷ്ണൻ നായർ ജനിച്ചത്. സ്കൂൾ പഠനകാലത്തേ,  കലയിലും കായികരംഗത്തും തൽപരനായിരുന്നു. സ്കൂൾ എൻസിസിയിൽ മികച്ച കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജയൻ പിന്നീട് നാവികസേനയിൽ എത്തി. 15 വർഷങ്ങൾക്ക് ശേഷം സ്വയം വിരമിച്ച് സിനിമാരംഗത്തേക്കും.  ചെറിയ വേഷങ്ങളിലൂടെ തുടക്കം. ആദ്യ സിനിമ 1974ൽ പുറത്തിറങ്ങിയ ശാപമോക്ഷം. 

സത്യനും പ്രേംനസീറും നിറഞ്ഞുനിന്ന മലയാള സിനിമയിൽ പതിയെ ജയൻ എന്ന പ്രതിഭ ഉദിച്ചുയർന്നു. നടൻ ജോസ് പ്രകാശ് ആണ് കൃഷ്ണൻനായരെ ജയൻ ആക്കി മാറ്റിയത്. തുടക്കത്തിൽ എല്ലാം വില്ലൻ കഥാപാത്രങ്ങൾ. അതിലെല്ലാം കണ്ടു ഒരു ജയൻ ടച്ച്.  ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരത്തിലാണ് ജയൻ എന്ന സൂപ്പർതാരത്തിന്റെ പിറവി.  മലയാളസിനിമയിൽ പിന്നീട് കണ്ടത് ജയന്റെ അശ്വമേധം. അയാൾക്കുവേണ്ടി തിരക്കഥകൾ ഒരുങ്ങി. അതിലേറെയും ഹിറ്റുകളായി. ആറു വർഷം കൊണ്ട് ജയൻ അഭിനയിച്ചത് 116 സിനിമകളിലാണ്. ജയനും സീമയും മലയാളികളുടെ ഇഷ്ട ജോഡികളായി.

കഴുകൻ,  മീൻ,  അങ്ങാടി,  കാന്തവലയം,  നായാട്ട്,  കരിമ്പന തുടങ്ങിയ ചിത്രങ്ങളിലൂടെ ജയൻ ആക്ഷൻ ഹീറോ ആയി മാറി. സാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യാനാണ് ജയൻ ഇഷ്ടപ്പെട്ടത്. അങ്ങനെ ജയൻ അനശ്വരമാക്കിയ എത്രയോ രംഗങ്ങൾ പ്രേക്ഷകർ ആവേശത്തോടെ കണ്ടു. ഒടുവിൽ ആ സാഹസികത തന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തു.  നാല് പതിറ്റാണ്ടുകൾക്കിപ്പുറവും  പ്രേക്ഷകമനസ്സിൽ ജയന് മരണമില്ല.  അനശ്വരമാണ് ആ ഓർമ്മകൾ..തിളക്കം ഒട്ടും കുറയാതെ.