തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്തത് സ്വന്തം തീരുമാനപ്രകാരമെന്ന് കൊച്ചി മുന്‍മേയര്‍ സൗമിനി ജയിന്‍. കോണ്‍ഗ്രസ് നേതൃത്വം വീണ്ടും മല്‍സരിക്കാന്‍ നിര്‍േദശിച്ചിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ തഴഞ്ഞെന്ന ആരോപണത്തില്‍ കഴമ്പില്ല. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ തൃപ്തയാണെന്നും സൗമിനി കൊച്ചിയില്‍ പറഞ്ഞു.
അപസ്വരങ്ങള്‍ പലവട്ടമുണ്ടായങ്കിലും കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ തെറിപ്പിക്കാന്‍ അതൊന്നും മതിയാകുമായിരുന്നില്ല. കസേരയില്‍ ഉറച്ചിരുന്ന മേയര്‍ ഒടുവില്‍ പടിയിറങ്ങിയത് വരാനിക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റില്ലാതെയാണ്. മേയര്‍ സ്ഥാനം പങ്കിടാന്‍ സൗമനി തയ്യാറാകാത്തതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അതൃപ്തിയാണ് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന പ്രചാരണം മുറുകുമ്പോഴാണ് മുന്‍മേയര്‍ നിലപാട് വ്യക്തമാക്കുന്നത്. മല്‍സരിക്കുന്നില്ല എന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും മല്‍സരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചതെന്നും സൗമിനി വ്യക്തമാക്കി.
മേയറെന്ന നിലയില്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണലഭിച്ചില്ലെന്ന വാദത്തോടും സൗമിനി വിയോജിച്ചു . പ്രതിപക്ഷത്തിന്റെയും ഉദ്യോഗസ്ഥരുടെയും നിസ്സഹകരണമാണ് പലപദ്ധതികളും ലക്ഷ്യത്തിലെത്താത്തതെന്നും അവര്‍ പറഞ്ഞു. പൊതുരംഗത്ത് സജീവമായിരിക്കുമെന്ന് പറഞ്ഞ സൗമിനി നിയമസഭാ സീറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്ക്കായി പ്രചാരണരംഗത്തുണ്ടാകുമെന്നും അവര്‍ അറിയിച്ചു.