member-12

കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ നമ്മള്‍ തിരഞ്ഞെടുക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശ തിരഞ്ഞെടുപ്പ് പലപ്പോഴും ഒരു സെമിഫൈനല്‍ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസത്തിനകം നിയമസഭാ തിര‍‍ഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തദ്ദേശതിരഞ്ഞെടുപ്പിനെ സെമിഫൈനലായി കാണുന്നത്.

ഇത്ര വാശിയേറിയ പോരാട്ടം നടത്തി വിജയിക്കുന്ന അംഗങ്ങള്‍ക്കും തുടര്‍ന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റുമാകുന്നവര്‍ക്കും ചെയര്‍മാനും വൈസ് ചെയര്‍മാന്‍മാരും മേയര്‍ ഡെപ്യൂട്ടി മേയര്‍മാരുമാകുന്നവര്‍ക്ക് എത്ര രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്. തുച്ഛമാണെന്ന് തോന്നുന്ന തുകയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ശമ്പളം എന്ന് അല്ല, മറിച്ച് ഓണറേറിയം എന്ന പേരിലാണ് ഇവര്‍ക്ക് പ്രതിമാസം നല്‍കുന്ന തുകയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം പരിഷ്കരിച്ചത് 2016ലാണ്.  

ഗ്രാമപ‍ഞ്ചായത്ത്

തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുക.  മെംബർമാർക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകളിലെ ജനപ്രതിനിധികളെ നമ്മള്‍ തിരഞ്ഞെടുക്കുന്നത്.

പ്രസിഡന്റ് ........................................................13,200

വൈസ് പ്രസിഡന്റ്.........................................10,600

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........,.8,200

മെംബർമാർ............................................................7,000

ബ്ളോക് പഞ്ചായത്ത്

ബ്ളോക് പഞ്ചായത്തുകളില്‍ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,800 രൂപയും പ്രതിമാസം ഓണറേറിയം.  മെംബർമാർക്ക് ലഭിക്കുന്നത് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ളോക് പഞ്ചായത്തുകളാണുള്ളത്. ആകെ 2,080 വാര്‍ഡുകളും.

പ്രസിഡന്റ് ......................................................14,600

വൈസ് പ്രസിഡന്റ്.......................................12,000

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........8,800

മെംബർമാർ..........................................................7,600

ജില്ലാ പഞ്ചായത്ത്

 കേരളത്തില്‍ പതിനാലു ജില്ലകളുണ്ട്. അങ്ങനെ പതിനാലു ജില്ലാ പഞ്ചായത്തുകളും. തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പ്പറേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9,400 രൂപയും  മെംബർമാർക്ക് 8,800 രൂപയുമാണ് ഓണറേറിയം ഇനത്തില്‍ പ്രതിമാസം ലഭിക്കുക.

പ്രസിഡന്റ് ......................................................15,800

വൈസ് പ്രസിഡന്റ്.......................................13,200

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........9,400

മെംബർമാർ..........................................................8,800

മുന്‍സിപ്പാലിറ്റി

സംസ്ഥാനത്ത് 86 മുന്‍സിപ്പാലിറ്റികളും അതില്‍ ആകെ 3,078 വാര്‍ഡുകളുമുണ്ട്. മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനുകളിലും വാര്‍ഡ് മെംബർമാരെ കൗണ്‍സിലര്‍ എന്നാണ് വിളിക്കുന്നത്. മുന്‍സിപ്പാലിറ്റിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ല, പകരം ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്. ചെയര്‍മാന് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയുമാണ് പ്രതിമാസം ഓണറേറിയം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9400 രൂപയും കൗണ്‍ലിസര്‍മാര്‍ക്ക് 7,600 രൂപയും ലഭിക്കും.

ചെയര്‍മാന്‍......................................................14,600

വൈസ് ചെയര്‍മാന്‍.....................................12,000

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മ‍ാന്‍...........9,400

കൗണ്‍സിലര്‍.....................................................7,600

കോര്‍പ്പറേഷന്‍

സംസ്ഥാനത്ത് ആറു കോര്‍പ്പറേഷനുകളുണ്ട്. തലസ്ഥാനമായ തിരുവനന്തപുരമാണ് ഏറ്റവും പഴയ കോര്‍പ്പറേഷന്‍. 1962 കോഴിക്കോടും 1967 കൊച്ചിയും കോര്‍പ്പറേഷനുകളായി. നീണ്ട മുപ്പത് വര്‍ഷക്കാലത്തിന് ശേഷം 2000ത്തില്‍ കൊല്ലവും തൃശൂരും കോര്‍പ്പറേഷനുകളായി. 2015ല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആയി ഉയര്‍ന്ന് ഈ ക്ളബ്ബിലേക്ക് യുവാവായി കയറിവന്നു. കോര്‍പ്പറേഷന്‍ മേയര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ്. 15,800 രൂപ. ഡെപ്യൂട്ടി മേയര്‍ക്ക് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് 9,400 രൂപയും കൗണ്‍സിലര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുന്നത്.

മേയര്‍.................................................................15,800

ഡെപ്യൂട്ടി മേയര്‍............................................13,200

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........9,400

കൗണ്‍സിലര്‍.....................................................8,200

ഹാജര്‍ ബത്ത

ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും മുന്‍സിപാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവി വഹിക്കുന്നവര്‍ക്കും കോര്‍പ്പേറേനുകളിലെ മേയര്‍മാര്‍ക്കും ഡെപ്യൂട്ടി മേയര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര്‍ ബത്ത ലഭിക്കും. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര്‍ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള സമിതികളിലെ മെമ്പര്‍മാര്‍ക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജര്‍ ബത്ത. ഇവര്‍ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.

രാഷ്ട്രപതിക്ക് അഞ്ചുലക്ഷം

രാഷ്ട്രപതിക്ക് അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് നാലുലക്ഷം രൂപയും പ്രധാനമന്ത്രിക്ക് രണ്ടുലക്ഷം രൂപയും ഗവര്‍ണര്‍മാര്‍ക്ക് മൂന്നരലക്ഷം രൂപയും പാര്‍ലമെന്റ് അംഗത്തിന് ശമ്പളവും ആനൂകല്യങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയുമാണ് പ്രതിമാസം ലഭിക്കുന്നത്. മുഖ്യമന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. കോവിഡ് പ്രതിസന്ധിയോട് അനുബന്ധിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എം.പിമാരും ഒരുവര്‍ഷത്തേക്ക് 30 ശതമാനം ശമ്പളം വെട്ടിക്കുറച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളും ഈ പാത പിന്തുടര്‍ന്നിട്ടുമുണ്ട്.