ചിൽഡ്രൻസ് ഹോമിൽ കഴിയുന്ന കുട്ടികൾക്ക് ശിശുദിനത്തിൽ സമ്മാനം നൽകുന്നതിനായി സ്റ്റുഡൻറ് പോലീസ് ആവിഷ്കരിച്ച "പുത്തനുടുപ്പും, പുസ്തകവും" പദ്ധതി വൻ വിജയം. ഒരു ലക്ഷത്തിലധികം രൂപയുടെ അവശ്യവസ്തുക്കളാണ് വൈപ്പിൻ എടവനക്കാട് S.D.P.Y, KPM ഹൈസ്കൂൾ സമാഹരിച്ചത്.
കോടി മണം മാറാത്ത പുത്തനുടുപ്പുകൾ, വിവിധ നിറങ്ങളിലും രൂപങ്ങളലിമുള്ള കളിപ്പാട്ടങ്ങൾ, കളർ പെൻസിലുകൾ, ഭക്ഷ്യവസ്തുക്കൾ, കിടക്കകൾ തുടങ്ങി വിപുലമായ ശേഖരം കണ്ട് വിൽപ്പന മേളയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ശിശുദിനത്തിൽ ചിൽഡ്രൻസ് ഹോമിലെ അനാഥക്കുട്ടികൾക്ക് സമ്മാനമായി നൽകാനുള്ളതാണ് ഇതെല്ലാം. വൈപ്പിൻ എടവനക്കാട് SDPY,KPM ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കൂട്ടായ്മ നാല് ദിവസം കൊണ്ട് സമാഹരിച്ചതാണിതെല്ലാം. സ്റ്റുഡന്റ് പൊലീസ് വോളണ്ടിയർ കോർപ്സ് എന്ന സംഘടനയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പുത്തനുടുപ്പും പുസ്തകവും പദ്ധതിയുടെ ഭാഗമായിട്ടാണ് അവശ്യവസ്തുക്കൾ ശേഖരിച്ചത്.
അനാഥബാല്യങ്ങൾക്കായി സമ്മാനപൊതി നൽകണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടപ്പോൾ നാടൊന്നാകെ ഇത് ഏറ്റെടുക്കുകയായിരുന്നു.