bineesh-wife-reaction

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ബിനീഷിന്റെ കുടുംബം. വീട്ടില്‍നിന്നു കണ്ടെടുത്ത സാധനങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇല്ലെങ്കിൽ ബിനീഷ് ഇനിയും കുടുങ്ങുമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതായി ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇഡി ഉദ്യോഗസ്ഥർ ആകെ എടുത്തത് അമ്മയുടെ ഐഫോൺ മാത്രമാണെന്നും ബിനീഷ് ഒരു ബോസും ഡോണും അല്ലെന്നും സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അവർ വിങ്ങിപ്പൊട്ടി. 

 

ബിനീഷിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്:

 

ഇഡി ഉദ്യോഗസ്ഥര്‍ കാണിച്ച കാർഡിൽ‌ മുഹമ്മദ് അനൂപിന്റെ പേരുണ്ടായിരുന്നു. കാർഡ് ഇവിടെ നിന്നാണ് കിട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കാർഡ് കണ്ടിട്ടില്ലെന്നും ഇവിടെ ഇല്ലായിരുന്നെന്നും പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് ഇറങ്ങാൻ പോകുന്നില്ലെന്നും ബിനീഷ് ഇനിയും കുടുങ്ങുമെന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ കാർഡിൽ ഒപ്പിടണമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. കുടുങ്ങിയാലും സാരമില്ല. ഞാൻ ജയിലിൽ പോയാലും സാരമില്ല. ഒപ്പി‌ടില്ലെന്ന് പറഞ്ഞു. അത് ഇവിടെ നിന്ന് കിട്ടയതല്ലെന്നും, നിങ്ങൾ കൊണ്ടുവന്നതാണെന്ന് എഴുതിയിട്ട് ഒപ്പിടാമെന്നും പറഞ്ഞു. ഒപ്പിട്ടില്ലെങ്കിൽ ബിനീഷ് അവിടത്തന്നെ നിൽക്കും. ശനിയാഴ്ച വരണം എന്നുണ്ടെങ്കിൽ ഒപ്പിടണം. ബിനീഷ് പറഞ്ഞാൽ ഒപ്പിടുമോ എന്നും ചോദിച്ചു. ആരു പറഞ്ഞാലും ഒപ്പിടില്ലെന്ന് പറഞ്ഞു.

 

അമ്മയും കുഞ്ഞുമായി താഴത്തെ മുറിയിലാണ് ഇരുന്നത്. ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫുമായിരുന്നു താഴെയും മുകളിലും ഉണ്ടായിരുന്നത്. ഇവിടെ നിന്ന് അവർക്ക് ഒരു സാധനവും കിട്ടിയിട്ടില്ല. ആകെ കിട്ടിയത് അമ്മയുടെ ഐഫോൺ മാത്രമാണ്. അത് എടുത്തുകൊണ്ടു പോയി. ബിനീഷ് ഒരു ബോസും അല്ല. ബിനീഷ് എന്റെ കുട്ടികളുടെ അച്ഛൻ മാത്രമാണ്. ഒരു സാധാരണ മനുഷ്യനാണ്. കുറച്ച് സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രമെയുള്ളൂ – അവർ പറഞ്ഞു.

 

അതേസമയം, ഇഡിയുടെ പരിശോധനയ്ക്കെതിരെ കുടുംബം സിജെഎം കോടതിയിൽ ഹർജി നൽകി . ബിനീഷിന്റെ കുട്ടിയെ അന്യായമായി തടവിൽ വച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞു.