പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്‍റെ ഡൊമൈനുകളിലെയും ഡിവൈസുകളിലെയും സുരക്ഷാ പിഴവ് കണ്ടെത്തിയ മലയാളി യുവാവിന് അംഗീകാരം. കണ്ണൂര്‍ പയ്യന്നൂരിലെ പി.വി.ജിഷ്ണുവിനാണ് ആപ്പിള്‍ സെര്‍വര്‍ ക്രഡിറ്റ് അംഗീകാരം നല്‍കിയത്.

ആപ്പിളിന്‍റെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമായാണ് ജിഷ്ണു സുരക്ഷ പിഴവ് കണ്ടെത്തിയത്. സബ് ഡൊമൈന്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ നിയന്ത്രിക്കാനും മാറ്റം വരുത്താനും ഹാക്കര്‍മാര്‍ക്ക് കഴിയുമായിരുന്ന സുരക്ഷ വീഴ്ചയാണ് ജിഷ്ണു ചൂണ്ടിക്കാട്ടിയത്. ഇതിനുള്ള പരിഹാരവും ആപ്പിളിനെ അറിയിച്ചു. പരിശോധനക്ക് ശേഷം സുരക്ഷ വീഴ്ച പരിഹരിക്കുകയും പയ്യന്നൂരുകാരനെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്നാണ് വെബ് സര്‍വര്‍ ക്രെഡിറ്റ് നല്‍കി ആദരിച്ചത്. 

മാത്തില്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജിഷ്ണു, ബഹുരാഷ്ട്ര കമ്പനിയായ ജാപ്സ് ഡോട്ട് കോമില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പറായാണ് ജോലി ചെയ്യുന്നത്.