kasargod-anandhapuram-temple-image-845-440

പുലർച്ചെ മേൽശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. പിന്നാലെയെത്തിയ ഭക്തര്‍ക്കും അത് കൗതുകമായി.കുമ്പള അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്ര തടാകത്തിലെ മുതല ബബിയയാണ് ക്ഷേത്ര നടയിൽ എത്തിയത്. തടാകത്തിലെ ഗുഹയിൽ കഴിയുന്ന മുതല ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തി. ഈ മുതലക്ക് 75 വയസ്സുണ്ടെന്നാണ് കണക്കാക്കുന്നത്.

ഭഗവാനായി സങ്കൽപ്പിക്കപ്പെടുന്ന ബബിയയ്ക്കു മുന്നിൽ സുബ്രഹ്മണ്യ ഭട്ട്, പുരുഷ സൂക്തവും വിഷ്ണു സൂക്തവുമെല്ലാം ചൊല്ലി പ്രാർഥന നടത്തി. ഏതാനും നേരം കഴിഞ്ഞു ബബിയ ഗുഹയിലേയ്ക്ക് മടങ്ങി. ബബിയ നടയിൽ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ഒട്ടേറെപ്പേർ കണ്ടു. വിദേശങ്ങളിൽ നിന്ന് ഉൾപ്പെടെ ഇന്നലെ ക്ഷേത്ര ഭാരവാഹികളുടെ ഫോണിലേക്ക് ഒട്ടേറെ വിളികളെത്തി. 

മേൽശാന്തി രാത്രി നട അടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ടെങ്കിലും പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ബബിയ ക്ഷേത്രനടയിൽ കിടക്കുന്ന ചിത്രങ്ങൾ അപൂർവമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പൂജ കഴിഞ്ഞു രാവിലെ 8–നും ഉച്ചയ്ക്കു 12 നും മേൽശാന്തി നൽകുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം. 

കടപ്പാട്: മലയാള മനോരമ ദിനപ്പത്രം