kochi

പശ്ചിമകൊച്ചിയിലെ ആരോഗ്യമേഖലയ്ക്ക് പുത്തനുണര്‍വേകി കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിന് വഴിയൊരുങ്ങി. അമ്പത്തിനാലര കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കി. അഞ്ചുനിലകളിലായി അത്യാധുനിക സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. 

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പശ്ചിമകൊച്ചിയുടെ മഹാരാജാസ് താലൂക്ക് ആശുപത്രി മുഖം മിനുക്കുകയാണ്. 5.3 ഏക്കറില്‍ കാടുപിടിച്ചും, തകര്‍ന്നുകിടക്കുന്നതുമായ മുഴുവന്‍ കെട്ടിടങ്ങളും നീക്കം ചെയ്യും. പകരം അഞ്ചുനിലയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി സമുച്ചയം ഉയരും. മൂന്ന് ഓപ്പറേഷന്‍ തീയറ്റര്‍, ട്രോമ കെയര്‍, എക്സറേ, ലാബ് സൗകര്യങ്ങള്‍, ഡയാലിസിസ് യൂണിറ്റ് എന്നിവയെല്ലാം ഉണ്ടാകും. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് തയാറാക്കി സമര്‍പ്പിച്ച പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കിഫ്ബി യോഗം അംഗീകാരം നല്‍കിയത്.

1937 ല്‍ കൊച്ചി മഹാരാജാവ് സ്ഥാപിച്ചതാണ് കരുവേലിപ്പടി ആശുപത്രി. പശ്ചിമകൊച്ചിയിലെയും തീരമേഖലയിലെയും സാധാരണക്കാര്‍ക്ക് മികച്ച ചികില്‍സാ സൗകര്യം ഒരുങ്ങുമെന്നതാണ് പദ്ധതിയുടെ നേട്ടം.